നിപ്പ ബാധിച്ച ചികിത്സയിലുള്ള പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി സ്ഥിരീകരിച്ചു. കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ് യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാലക്കാട് അവലോകന യോഗം ചേരുകയാണ്.നിപ്പ ബാധിച്ച യുവതിയുടെ സമ്പര്‍ക്കപട്ടികയില്‍ 173 പേരാണ് ഉള്ളത്. ഇതിലെ 4 കുട്ടികളാണ് ഇപ്പോള്‍ പനി ബാധിച്ച് ആശുപാത്രിയില്‍ കഴിയുന്നത്. ഇതില്‍ സഹോദരന്റെ 2 മക്കളും യുവതിയുടെ തന്നെ 2 മക്കളുമുണ്ട്.
യുവതിയുടെ 2 മക്കളും നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളേജിലാണ്. ഇതിന് പുറമെയാണ് ഇന്നലെ രാത്രി മറ്റൊരു സഹോദരന്റെ 6 വയസുള്ള കുട്ടിയെ പാലക്കാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവരുടെ അമ്മയെയും അതോടൊപ്പം മറ്റൊരു സഹോദരനെയും ആശുപത്രിയില്‍ നിരീക്ഷണത്തിന് വെച്ചിരിക്കുകയാണ്. ഇന്ന് യുവതുയുടെ 2 മക്കളുടെയും സാമ്പിള്‍ പരിശോധന ഫലം വരും. കുട്ടികളിലുള്ള രോഗലക്ഷണങ്ങളെ ആരോഗ്യവകുപ്പ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ 40 ബെഡുകളുള്ള ഐസൊലേഷന്‍ വാര്‍ഡാണ് ക്രമീകരിച്ചിരിക്കുന്നത്. നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് നിലവിലെ ആശങ്ക. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിനായി തച്ചനാട്ടുകര പഞ്ചായത്തിലും കരുമ്പുഴ പഞ്ചായത്തിലും ആരോഗ്യവകുപ്പ് ഓരോ വീട്ടിലും കയറി ഇറങ്ങി സര്‍വേ നടത്തിയിരുന്നു. കഴിഞ്ഞ 2 മാസത്തിനിടെ പനിയോ ശ്വാസതടസമോ ന്യൂമോണിയയോ ആര്‍ക്കെങ്കിലും ബാധിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.