എന്നും ചെറുപ്പമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? പക്ഷെ പ്രായം കൂടുക തന്നെ ചെയ്യും. അത് ശരീരത്തിൽ പ്രകടമാവുകയും ചെയ്യും. എന്നാൽ, മനസ് എപ്പോഴും ചെറുപ്പമാക്കി തന്നെ വെയ്ക്കാൻ നമുക്ക് കഴിയും. 30 കഴിഞ്ഞാൽ സ്ത്രീകൾ ശരീരത്തിന്‍റെയും ചർമ്മത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.
ഏറ്റവും പ്രാധമികമായി ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്. വിറ്റാമിനുകൾ ബി 12, സി, ഡി, ഇരുമ്പ്, കാത്സ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ 30 വയസിനു മുകളിലുള്ള സ്ത്രീകൾ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ആറ് പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ചെറികൾ: സ്ത്രീകളിൽ ഊർജ്ജനില വർധിപ്പിക്കാൻ സഹായിക്കുന്ന ആന്തോസയാനിൻ എന്ന ആന്‍റി ഓക്‌സിഡന്‍റുകൾ ചെറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റമുകളുടെ ആഗികരണം മെച്ചപ്പെടുത്താനും ചെറികൾ സഹായിക്കും. ആഴ്‌ചയിൽ കുറഞ്ഞത് നാല് തവണയെങ്കിലും ഇവ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് പഠനത്തിൽ പറയുന്നു.
തക്കാളി: മുപ്പത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു പഴമാണ് തക്കാളി. ശ്വാസകോശ കാൻസർ, ആമാശയ കാൻസർ തുടങ്ങിയവ ഉൾപ്പെടെയുള്ള നിരവധി അർബുദങ്ങളുടെയും മറ്റ് മാരകമായ പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
പപ്പായ: മുപ്പത് കഴിഞ്ഞ സ്ത്രീകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് പപ്പായയുടെ സ്ഥാനം. വിറ്റാമിൻ എ, സി, ഫോളേറ്റ്, വിവിധ ഫൈറ്റോകെമിക്കലുകൾ, പപ്പെയ്ൻ എന്നിവയാൽ സമ്പന്നമായ പപ്പായ ദഹനം മെച്ചപ്പെടുത്താനും വിവിധ രോഗങ്ങൾ അകറ്റാനും സഹായിക്കും.
പേരയ്ക്ക: പേരക്കയാണ് ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. വിറ്റാമിൻ സി യുടെ സമ്പന്ന ഉറവിടമാണ് പേരക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഇത് സഹായിക്കും. ഉയർന്ന അളവിൽ പൊട്ടാസ്യവും ലയിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ആപ്പിൾ: നാരുകൾ ധാരാളം അടങ്ങിയ ആപ്പിൾ കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പിന്‍റെ ആഗിരണം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇവയിലെ നാരുകൾ ദഹിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ വിശപ്പ് നിയന്ത്രിക്കാൻ ഇത് ഗുണം ചെയ്യും. കൊഴുപ്പ്, പഞ്ചസാര എന്നിവ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളോടെയുള്ള ആസക്തി കുറയ്ക്കാനും ഇത് സഹായിക്കും. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും ആപ്പിൾ ഫലം ചെയ്യും.
അവക്കാഡോ: അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിൽ ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും ഹോർമോൺ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കാനും സഹായിക്കും. ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും.