ജൂണ്‍ 29 ന് നോര്‍ഫോക്കിലെ ആറ്റില്‍ബറോയില്‍ നിന്നുള്ള ജൂണ്‍ ബാക്സ്റ്ററിന് അബദ്ധത്തില്‍ കാലിന് പരിക്കേറ്റു. ആ സമയത്ത് അവര്‍ ഒറ്റയ്ക്കായിരുന്നു. എന്നാല്‍ പിന്നീട് അവരുടെ ചെറുമകള്‍ അവരെ സന്ദര്‍ശിക്കുകയും ഇവരുടെ വളര്‍ത്തുനായ മുറിവില്‍ നക്കുകയും ചെയ്തു. മിസ് ബാക്സ്റ്ററിന് ഉടന്‍ തന്നെ അസുഖം അനുഭവപ്പെടാന്‍ തുടങ്ങി. വൈദ്യചികിത്സ ലഭിച്ചിട്ടും ജൂലൈ 7 ന് അവര്‍ അണുബാധയേറ്റ് മരിച്ചു.
മുറിവില്‍ നടത്തിയ പരിശോധനയില്‍ നായ്ക്കളുടെയും പൂച്ചകളുടെയും വായില്‍ സാധാരണയായി കാണപ്പെടുന്ന ഒരു ബാക്ടീരിയയായ പാസ്ചുറല്ല മള്‍ട്ടോസിഡയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി കണ്ടെത്തി. ഈ ബാക്ടീരിയ സാധാരണയായി മൃഗങ്ങളെ ഉപദ്രവിക്കുന്നില്ലെങ്കിലും, മനുഷ്യ രക്തപ്രവാഹത്തില്‍ പ്രവേശിക്കുമ്പോള്‍ അത് മാരകമായേക്കാം. പ്രത്യേകിച്ച് ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ളവരില്‍. മിസ് ബാക്സ്റ്ററിന് വൃക്ക, കരള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇത് അവരെ കൂടുതല്‍ അപകടസാധ്യതയിലാക്കി.
വളര്‍ത്തുനായകളെ സംബന്ധിക്കുന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധര്‍ ഇപ്പോള്‍ നല്‍കുന്നത്. നിങ്ങളുടെ കണ്ണുകള്‍, മൂക്ക്, വായ, അല്ലെങ്കില്‍ തുറന്ന മുറിവുകള്‍ എന്നിവയില്‍ നായ്ക്കളെ നക്കാന്‍ അനുവദിക്കരുത്. ഇതിലൂടെ ദോഷകരമായ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്.