ധനുഷ്കോടി - മോഹന്‍ലാലും അമല്‍നീരദും വീണ്ടും?

Webdunia
ശനി, 26 മാര്‍ച്ച് 2011 (19:10 IST)
PRO
ബിഗ്ബി, സാഗര്‍ എലിയാസ് ജാക്കി, അന്‍‌വര്‍ എന്നീ സിനിമകളിലൂടെ മലയാള സിനിമയ്ക്ക് പുതിയ കാഴ്ചാനുഭവം സമ്മാനിച്ച സംവിധായകന്‍ അമല്‍ നീരദ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പണിപ്പുരയിലാണെന്ന് സൂചന. ‘ധനുഷ്കോടി’ എന്നാണ് ചിത്രത്തിന് പേരെന്നും അറിയുന്നു.

പ്രിയദര്‍ശന്‍റെ തിരക്കഥയിലാണ് അമല്‍ നീരദ് ഈ സിനിമയൊരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1988ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ആലോചിച്ച സിനിമയാണ് ധനുഷ്കോടി. ടി ദാമോദരന്‍ തിരക്കഥയെഴുതിയ ആ സിനിമയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ‘വന്ദനം’ എന്ന ഹിറ്റ് ചിത്രത്തില്‍ നായികയായ ഗിരിജാ ഷെറ്റാര്‍ ആയിരുന്നു ആ ചിത്രത്തിലെ നായിക. രഘുവരനായിരുന്നു മറ്റൊരു പ്രധാന താരം.

അതേ കഥ പ്രിയദര്‍ശന്‍ പൊളിച്ചെഴുതി പുതിയ രൂപത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി എന്നറിയുന്നു. ശ്രീലങ്കയിലും ധനുഷ്കോടിയിലും രാമേശ്വരത്തുമായി ചിത്രീകരിക്കുമെന്നാണ് സൂചനകള്‍.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന്‍റെ ലൊക്കേഷനില്‍ നിന്നാണ് ധനുഷ്കോടി വീണ്ടും ആരംഭിക്കാനുള്ള തീരുമാനം ഉണ്ടായതെന്നറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.