ലൈംഗീക അതിക്രമത്തിന് ആണുങ്ങളെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സംവിധായകനും അഭിനേതാവുമായ ഭാഗ്യരാജ്. സ്ത്രീകളുടെ ദൗര്‍ബല്യങ്ങളെ മുതലെടുക്കാന്‍ പുരുഷന്മാര്‍ക്ക് അവസരം നല്‍കുന്നത് സ്ത്രീകള്‍ തന്നെയാണെന്നും സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിലേക്കുവരെ എത്തുമെന്നും ഭാഗ്യരാജ് പറഞ്ഞു.
ഒരു തമിഴ്‌സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയായിരുന്നു ഭാഗ്യാരാജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പണ്ടുകാലത്ത് സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെന്നും ഭാഗ്യരാജ് പറഞ്ഞു.
ഇന്ന് മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെട്ട സ്ത്രീകളും ഒരേപോലെ ഉത്തരവാദികളാണെന്നും ഭാഗ്യരാജ് പറഞ്ഞു.
വിവാദമായ പൊള്ളാച്ചി കേസിലെ പ്രതികളെയും ഭാഗ്യരാജ് ന്യായീകരിച്ചു. പൊള്ളാച്ചി കേസില്‍ ആണ്‍കുട്ടികളെ മാത്രം തെറ്റ് പറയാന്‍ കഴിയില്ല. നിങ്ങളുടെ (പെണ്‍കുട്ടികളുടെ) ബലഹീനത അവര്‍ ഉപയോഗപ്പെടുത്തി. നിങ്ങള്‍ അവര്‍ക്ക് ആ അവസരം നല്‍കി, അതൊരു വലിയ തെറ്റാണ്, എന്നായിരുന്നു ഭാഗ്യരാജിന്റെ പരാമര്‍ശം.