പൂർണമായും സിനിമയിൽ നിന്ന് വിട്ട്നിന്ന് ജിഷ്ണുവിനോടൊപ്പം കഴിഞ്ഞ രണ്ട് വർഷമായി കൂടെ നടന്ന അച്ഛൻ രാഘവൻ മകന്റെ ഓർമയിൽ. ചില സങ്കടം നിറഞ്ഞ ഓർമകൾ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ രാഘവൻ പങ്കുവെച്ചു. കരയാതിരിക്കാൻ അദ്ദേഹം ഒരുപാട് ശ്രമിച്ചു.
ചെറുപ്പം മുതലേ അവന് അഭിനയിക്കാൻ താൽപ്പര്യമായിരുന്നു. പക്ഷേ ലൊക്കേഷനിലേക്ക് പോകണമെങ്കിൽ ആരെങ്കിലും കൂടെ വേണമായിരുന്നു. എന്നാൽ എനിയ്ക്ക് സമയമില്ലായിരുന്നു, അവന്റെ അമ്മ അങ്ങനെ പുറത്ത് പോകുന്ന ആളുമായിരുന്നില്ല. ഇത് മനസ്സിലാക്കിയ അവൻ അഭിനയിക്കണമെന്ന് പറഞ്ഞില്ല, താൽപ്പര്യം ആരേയും അറിയിക്കാതെ അവൻ പഠനത്തിൽ മാത്രം ശ്രദ്ധിച്ചു. - രാഘവൻ പറയുന്നു.
നമ്മളിൽ അഭിനയിക്കാനായി അവൻ ജോലി രാജിവെച്ചു. അതിനുശേഷം ഒരുപാട് സിനിമകളിൽ അഭിനയിച്ചെങ്കിലും ഒന്നും ക്ലിക്കായില്ല, ആയിടക്കാണ് അവന് അസുഖം തുടങ്ങിയത്. ആദ്യ ശാസ്ത്രക്രീയ വിജയകരമായി നടന്നു. ജീവിതത്തിലേക്ക് തിരിച്ച് വന്നതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാവരും. പക്ഷേ.... , ജിഷ്ണുവിന്റെ ഓർമയിൽ വിങ്ങിപ്പൊട്ടാതിരിക്കാൻ കഴിയുമായിരുന്നില്ല രാഘവന്.
ഓരോ തവണ അസുഖം ജിഷ്ണുവിനെ തേടി വന്നപ്പോഴും അതിനെയെല്ലാം നിരാശരാക്കി ആവേശത്തോടെ ജിഷ്ണു തിരിച്ചു വന്നിരുന്നു. എന്നാൽ ആരോടും പരിഭവം പറയാതെ പരാതി പറയാതെ ആ മഹാനടൻ യാത്രയാകുകയായിരുന്നു.