ലാലേട്ടന് ഇഷ്ടപ്പെട്ടു, മമ്മൂക്കയ്ക്ക് താല്‍പ്പര്യമില്ല; ഇനിയെന്തുചെയ്യും?

Webdunia
വെള്ളി, 3 ഫെബ്രുവരി 2017 (18:00 IST)
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ നേരത്തേ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ ആലോചിച്ചിരുന്നു. മാഗസിനുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ഇതുസംബന്ധിച്ച വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രൊജക്ട് നിശ്ചലാവസ്ഥയിലാണ്.
 
“മമ്മൂക്ക നിര്‍മ്മിക്കുന്ന ഒരു സിനിമ ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. മമ്മൂക്ക എനിക്ക് അഡ്വാന്‍സും തന്നു. അതില്‍ ലാലേട്ടനും മമ്മൂക്കയുമായിരുന്നു പ്രധാന താരങ്ങള്‍. പക്ഷേ അന്ന് അത് നടന്നില്ല. ആ സിനിമയുടെ സ്ക്രിപ്റ്റ് അന്നേ പൂര്‍ത്തിയാക്കിയതാണ്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉദയ്കൃഷ്ണ വ്യക്തമാക്കി. 
 
പിന്നെ എന്താണ് സംഭവിച്ചത്? ആ തിരക്കഥ എവിടെയാണ്? അതിനും ഉദയ്കൃഷ്ണ മറുപടി നല്‍കുന്നു. 
 
“അന്ന് ലാലേട്ടന്‍ അത് കേട്ടിട്ടില്ലായിരുന്നു. അടുത്തിടെ ലാലേട്ടന്‍ ആ സ്ക്രിപ്റ്റ് കേട്ടു. വളരെ ഇഷ്‌ടമായി. ഉടനെ ചെയ്യാമെന്ന് അദ്ദേഹം പറയുകയും ചെയ്തു” - എങ്കില്‍ പിന്നെ എന്താണ് തടസം? അത്രയും വലിയ ഒരു പ്രൊജക്ട് എന്തിന് വച്ചുതാമസിപ്പിക്കണം? ഉദയ്കൃഷ്ണയില്‍നിന്നുതന്നെ കേള്‍ക്കാം: 
 
“പക്ഷേ ഇപ്പോള്‍ മമ്മൂക്കയ്ക്ക് അത് നിര്‍മ്മിക്കാന്‍ താല്‍പ്പര്യമില്ല. അങ്ങനെ അത് എങ്ങുമെത്താതെ കിടക്കുകയാണ്. ഒരു സംവിധായകന്‍റെ റിസ്ക് അറിയാവുന്നതുകൊണ്ട് ഞാനും മിണ്ടാതെയിരിക്കുന്നു” - ഉദയ്കൃഷ്ണ വ്യക്തമാക്കി. 
 
മറ്റൊരു പുലിമുരുകനാകാന്‍ സാധ്യതയുള്ള ഒരു പ്രൊജക്ടാണ് അണിയറയില്‍ ഇപ്പോള്‍ നിശ്ചലാവസ്ഥയില്‍ തുടരുന്നത്. ആ തിരക്കഥയ്ക്ക് എന്നെങ്കിലും മോചനമുണ്ടാകുമോ? അത് സ്ക്രീനില്‍ വെള്ളിടി തീര്‍ക്കുമോ? 
 
“ഞാന്‍ ആ പ്രൊജക്ടിനേക്കുറിച്ച് നന്നായി പ്രിപ്പയേര്‍ഡ് ആണ്. ആദ്യം മുതല്‍ അവസാനം വരെ എന്‍റെ മനസില്‍ സംഗതി കിടപ്പുണ്ട്” - ഉദയ്കൃഷ്ണയുടെ മറുപടിയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാം.
 
ഉള്ളടക്കത്തിന് കടപ്പാട്: വെള്ളിനക്ഷത്രം
Next Article