ദൃശ്യത്തിൻറെ കഥ മമ്മൂട്ടിക്ക് ഇഷ്ടമായി, മെഗാഹിറ്റാകുമെന്നും പറഞ്ഞു; പക്ഷേ...

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (10:52 IST)
‘ദൃശ്യം’ എന്ന സിനിമയുടെ കഥയുമായി ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു എന്നത് ഇപ്പോൾ എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. ആ സിനിമ വേണ്ടെന്നുവച്ചത് മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
 
യഥാർത്ഥത്തിൽ മമ്മൂട്ടിക്ക് ദൃശ്യത്തിൻറെ കഥ ഇഷ്ടമാകാത്തതുകൊണ്ടല്ല, ഡേറ്റ് പ്രശ്നമുള്ളതുകൊണ്ടാണ് മമ്മൂട്ടി ആ സിനിമയിൽ നിന്ന് ഒഴിഞ്ഞുനിന്നത്. മമ്മൂട്ടി ആ സിനിമയിലില്ല എന്നും പറയാൻ കഴിയില്ല, ആ സിനിമയുടെ ഭാഗം തന്നെയായിരുന്നു മമ്മൂട്ടി.
 
എല്ലാവരും ചിന്തിക്കുന്നതുപോലെ മമ്മൂട്ടിയുടെ നഷ്ടമല്ല ദൃശ്യം. ആ സിനിമ മെഗാഹിറ്റാകുമെന്ന് മമ്മൂട്ടിക്ക് നേരത്തേ അറിയാമായിരുന്നു. ഇത് വ്യക്തമാക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്. 
 
“മമ്മൂട്ടി ദൃശ്യം നിരസിച്ചുവെന്ന് പറയുന്നത് ശരിയല്ല. ഞാന്‍ മമ്മൂക്കയോട് കഥ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടമാകുകയും ചെയ്തു. എന്നിട്ട് എനിക്ക് നല്‍കിയ മറുപടി, ഇതിനകം തന്നെ താന്‍ കുറച്ച് കുടുംബചിത്രങ്ങള്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്. എന്നെ വച്ച് ഈ ചിത്രം ചെയ്യണമെങ്കില്‍ രണ്ടു വര്‍ഷമെങ്കിലുമെടുക്കും. ഇത് ഒരു ഷുവര്‍ ഹിറ്റായിരിക്കുമെന്നും മമ്മൂക്ക എന്നോട് പറഞ്ഞു. അതിനുശേഷമാണ് ഞാന്‍ ആന്‍റണി പെരുമ്പാവൂരിനെ കാണുന്നതും കഥ പറയുന്നതും. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു, ഒപ്പം ലാലേട്ടനും. അങ്ങനെയാണ് ലാലേട്ടന്‍ ദൃശ്യത്തിന്‍റെ ഭാഗമാകുന്നത്. എന്നാല്‍ ദൃശ്യത്തിലേക്ക് മീനയെയാണ് ഞാന്‍ പരിഗണിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയാണ് അത് നല്ലതാണെന്ന് പറഞ്ഞതും, മീനയോട് സംസാരിച്ച് ദൃശ്യത്തില്‍ അഭിനയിക്കണമെന്ന് പറഞ്ഞതും. ദൃശ്യത്തിലെ സഹദേവന്‍ എന്ന കഥാപാത്രം ഷാജോണ്‍ ചെയ്താല്‍ നന്നാകുമെന്നും മമ്മൂക്ക അഭിപ്രായപ്പെട്ടിരുന്നു. ദൃശ്യത്തിന്‍റെ ഭാഗം തന്നെയായിരുന്നു മമ്മൂക്ക. അദ്ദേഹം ഒരിക്കലും അത് നിരസിച്ചിട്ടില്ല” - ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
Next Article