ചെന്നൈ എക്സ്പ്രസ് ഇന്ത്യന്‍ സിനിമയിലെ അത്ഭുതമായി മാറിയിരിക്കുകയാണ്. കളക്ഷന്‍ 200 കോടി രൂപയും കടന്ന് കുതിക്കുന്നു. 3 ഇഡിയറ്റ്സിന്‍റെ കളക്ഷന്‍ റെക്കോര്‍ഡുകളൊക്കെ ചെന്നൈ എക്സ്പ്രസ് എന്നേ പഴങ്കഥയാക്കിക്കഴിഞ്ഞു. ബോളിവുഡിലെ സംവിധായകരായ സംവിധായകരെല്ലാം മധുരമൂറുന്ന വാക്കുകള്‍ കൊണ്ട് സംവിധായകന്‍ രോഹിത് ഷെട്ടിയെ പ്രകീര്‍ത്തിക്കുകയാണ്.
ബോളിവുഡിലെ ത്രില്ലര്‍ രാജാവ് രാം ഗോപാല്‍ വര്‍മയാണ് ഒടുവില്‍ ചെന്നൈ എക്സ്പ്രസിനെയും രോഹിത് ഷെട്ടിയെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ടൈറ്റാനിക്കും അവതാറും കണ്ടപ്പോള്‍ ഉണ്ടായ ആവേശവും ത്രില്ലും തനിക്ക് ചെന്നൈ എക്സ്പ്രസ് കണ്ടപ്പോഴും ഉണ്ടായി എന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.
അഞ്ചുതവണയാണ് രാം ഗോപാല്‍ വര്‍മ ‘ചെന്നൈ എക്സ്പ്രസ്’ കണ്ടത്. “ആദ്യ കാഴ്ചയില്‍ നിങ്ങള്‍ക്ക് ചെന്നൈ എക്സ്പ്രസ് ഇഷ്ടമായില്ലെങ്കില്‍ വീണ്ടും വീണ്ടും കാണുക. നാലോ അഞ്ചോ തവണ കാണുക. ഇതൊരു സ്ലോ പോയിസണ്‍ ആയതുകൊണ്ടല്ല. സാവധാനം ചലിക്കുന്ന ഫാസ്റ്റ് പോയിസണ്‍ ആയതുകൊണ്ട്” - ആര്‍ ജി വി പറയുന്നു.
“ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ബോറന്‍ സിനിമ സിറ്റിസണ്‍ കെയ്ന്‍ ആണ്. ഏറ്റവും നല്ല എന്‍റര്‍ടെയ്നര്‍ ചെന്നൈ എക്സ്പ്രസും. സിറ്റിസണ്‍ കെയ്നിന്‍റെ സംവിധായകന്‍ കുഴിമാടത്തില്‍ നിന്ന് എഴുന്നേറ്റുവന്ന് രോഹിത് ഷെട്ടിയുടെ കാലില്‍ വീഴണം” - രാം ഗോപാല്‍ വര്‍മ പറയുന്നു.
“മുഗള്‍ ഇ അസം, ഷോലെ, ദില്‍വാലേ ദുല്‍ഹാനിയാ ലേ ജായേംഗേ, 3 ഇഡിയറ്റ്സ് എന്നീ സിനിമകളെ കളക്ഷന്‍റെയും വിജയത്തിന്‍റെയും കാര്യത്തില്‍ തൂക്കിയെറിഞ്ഞതിന് രോഹിത് ഷെട്ടിക്ക് അഭിനന്ദനങ്ങള്‍. വിജയമാണ് ഒരു മഹത്തായ സിനിമയുടെ അടിസ്ഥാനമെങ്കില്‍ ഏറ്റവും മഹത്തായ സിനിമ ചെന്നൈ എക്സ്പ്രസ് തന്നെ” - രാം ഗോപാല്‍ വര്‍മ പറയുന്നു.
എന്നാല്‍ ചെന്നൈ എക്സ്പ്രസിനെയും രോഹിത് ഷെട്ടിയെയും പ്രകീര്‍ത്തിച്ചുള്ള രാം ഗോപാല്‍ വര്‍മയുടെ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദനമല്ല, പരിഹാസമാണെന്ന അഭിപ്രായമുള്ളവരും ബോളിവുഡിലുണ്ട്.