ബി ഉണ്ണികൃഷ്ണനെതിരെ ശക്തമായ വിമര്‍ശനമാണ് വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിനയന്‍ നടത്തുന്നത്. മലയാള സിനിമയില്‍ ആര്‍ക്കും ഇഷ്ടമില്ലാത്ത സംവിധായകനാണ് ഉണ്ണികൃഷ്ണനെന്ന് വിനയന്‍ പറയുന്നു.
“ഞാന്‍ ജോയിന്‍റ് സെക്രട്ടറിയായി കൊണ്ടുവന്ന ആളാണ് ബി ഉണ്ണികൃഷ്ണന്‍. മലയാള സിനിമയില്‍ ആരും ഇയാളെ ഇഷ്ടപ്പെടുന്നില്ല. കലൂര്‍ ഡെന്നിസും ജോണ്‍ പോളും ഉള്‍പ്പടെ പലരും എന്നോടുപറഞ്ഞു, അയാളുടെ സ്വഭാവം നല്ലതല്ലെന്ന്. അഹങ്കാരിയാണെന്ന്. ഞാനത് വകവച്ചില്ല. പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെ രംഗത്തുകൊണ്ടുവരണമെന്ന് പറഞ്ഞ് ഞാന്‍ കൊണ്ടുവന്ന ആളാ. എന്ത് കാര്യത്തിനാണ് അയാള്‍ ഇപ്പോള്‍ എന്‍റെ പടത്തെ വിലക്കാന്‍ വരുന്നത്?. സൂപ്പര്‍താരങ്ങളാണ് ഇവരുടെ നേതാക്കള്‍” - വിനയന്‍ വ്യക്തമാക്കുന്നു.
‘ഡ്രാക്കുള’ പ്രിയദര്‍ശന്‍റെ സ്റ്റുഡിയോയായ 4 ഫ്രെയിംസില്‍ മിക്സ് ചെയ്യാനിരുന്ന സിനിമയായിരുന്നെങ്കിലും അവസാനം ഫെഫ്കയിലെ ചിലര്‍ ഇടപെട്ട് അത് തടഞ്ഞതായും വിനയന്‍ ആരോപിക്കുന്നു.
“ഡ്രാക്കുള പ്രിയദര്‍ശന്‍റെ സ്റ്റുഡിയോയില്‍ മിക്സ് ചെയ്യാന്‍ സൌണ്ട് എഞ്ചിനീയര്‍ രാജാകൃഷ്ണന്‍ വിളിച്ചിട്ടാണ് ഞാന്‍ പോയത്. രാജാകൃഷ്ണന്‍ കഴിവുള്ള പയ്യനായതുകൊണ്ടാണ് ഞാന്‍ പോയത്. ഒടുവില്‍ നടന്നില്ല. വിനയന്‍റെ പടം അവിടെ ചെയ്യിക്കരുതെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞത്രേ. പ്രിയദര്‍ശന്‍ എന്നോട് പറഞ്ഞു: ഞാന്‍ ഇതിനോട് യോജിക്കില്ല. ഒരു കലാകാരന്‍റെ സൃഷ്ടിയെ ഇങ്ങനെ വിലക്കാന്‍ പാടില്ല. ഞാന്‍ വിചാരിച്ചു, കൊള്ളാമല്ലോ പ്രിയദര്‍ശന്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ടല്ലോ എന്ന്. എന്നാല്‍ പ്രിയന്‍ പിന്നീട് എന്‍റെ ഫോണ്‍ എടുക്കാതായി. സ്വിച്ച് ഓഫ് ചെയ്തു. പ്രിയന് ഒന്നും ചെയ്യാന്‍ പറ്റിയില്ല. സൂപ്പര്‍താരങ്ങളുമായി പ്രിയനുള്ള ബന്ധം ഞാനുമായി ഉണ്ടാവില്ലല്ലോ. പ്രിയനെപ്പോലും സ്വാധീനിക്കാന്‍ അവര്‍ക്കുകഴിഞ്ഞു. എന്നിട്ടെന്തുനേടി? എന്നെ കുറച്ചു ബുദ്ധിമുട്ടിക്കാന്‍ പറ്റിയെന്നുമാത്രം. എ ആര്‍ റഹ്‌മാന്‍റെ സ്റ്റുഡിയോയില്‍ ഞാന്‍ ഭംഗിയായി ചിത്രം മിക്സ് ചെയ്തു. അവര്‍ എല്ലാ സഹായവും ചെയ്തുതന്നു. 50000 രൂപ കുറച്ചും തന്നു” - വിനയന്‍ പറയുന്നു.
“ഡ്രാക്കുളയ്ക്ക് ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ ലഭിച്ച സ്വീകരണം എന്നെ വിലക്കുന്നവര്‍ അറിയണം. ഇവരുടെയൊക്കെ ആയകാലത്തെ ഇനിഷ്യല്‍ കളക്ഷനേക്കാള്‍ കൂടുതല്‍ ഇനിഷ്യല്‍ കളക്ഷന്‍ ഡ്രാക്കുളയ്ക്കുണ്ട്. ഇവര്‍ ആരില്ലെങ്കിലും, എന്‍റെ കൂടെ ജനങ്ങളുണ്ട്. തെക്കേ ഇന്ത്യയില്‍ എനിക്കെതിരെ ഒരു ചുക്കും ചെയ്യാന്‍ ഇവര്‍ക്ക് കഴിയില്ല” - വെള്ളിനക്ഷത്രത്തിന് വേണ്ടി മോഹന്‍ദാസ് വെളിയത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.
റിപ്പോര്‍ട്ടിന് കടപ്പാട് - വെള്ളിനക്ഷത്രം