ശരീരത്തിന് രോഗപ്രതിരോധശക്തി നൽകുകയും രോഗാണുബാധയിൽനിന്നും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ശ്വേതരക്താണുക്കളുടെ കർത്തവ്യം. അത് അവ ഭംഗിയായി ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്യും. വളര്‍ച്ച പൂര്‍ത്തിയായ അണുക്കള്‍ രക്തത്തിലേക്ക് കടന്നുകഴിഞ്ഞാല്‍ അതിന് വ്യത്യസ്തമായ ആയുര്‍ദൈര്‍ഘ്യമാണുള്ളത്. നശിച്ചുപോകുന്ന ശ്വേതരക്താണുക്കള്‍ക്ക് പകരം അണുക്കള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും. ഇതൊരു ബാലന്‍സില്‍ ഇങ്ങനെ പോകും. ഈ ബാലന്‍സ് തെറ്റുന്നത് ശ്വേതരക്താണുക്കള്‍ അനിയന്ത്രിതമായി ഉത്‌പാദിപ്പിക്കപ്പെടുമ്പോഴാണ്.
ചില അസുഖങ്ങള്‍ വരുമ്പോള്‍, അലര്‍ജിയുണ്ടാകുമ്പോഴൊക്കെ ശ്വേതാണുക്കളുടെ എണ്ണത്തില്‍ വ്യതിയാനമുണ്ടാകാറുണ്ട്. എന്നാല്‍ ഇതെല്ലാം താല്‍ക്കാലികമായ മാറ്റങ്ങളായിരിക്കും. അതല്ലാതെ, പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രക്താണുക്കളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടാകുന്നതാണ് രക്താര്‍ബുദം.
മാതൃകോശത്തില്‍ വരുന്ന തകരാറുമൂലമാണ് പ്രധാനമായും ശ്വേതാണുക്കൾ അനിയന്ത്രിതമായി ഉൽപാദിപ്പിക്കപ്പെടുന്നത്. വളര്‍ച്ചയെത്താതെ ഈ കോശങ്ങള്‍ രക്തത്തില്‍ കടക്കുകയും ചെയ്യും. ഇത്തരം അണുക്കള്‍ക്ക് യഥാര്‍ത്ഥ ശ്വേതരക്താണുക്കള്‍ നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവില്ല. അങ്ങനെ രക്താര്‍ബുദ കോശങ്ങള്‍ അടിഞ്ഞുകൂടാന്‍ ആരംഭിക്കുന്നു. ഇതോടെ ആ വ്യക്തിക്ക് വിവിധ തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകുന്നു.