ക്യാന്‍സറിനെ ‘വലിച്ചു’ കയറ്റേണ്ട !

ധനേഷ് ജെ ശിവന്‍

വെള്ളി, 31 ജനുവരി 2020 (21:18 IST)
ജീവിതത്തിലേക്ക് ക്യാന്‍സറിനെ ‘വലിച്ചു’ കയറ്റുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍. കാരണം, പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതുതന്നെ. മുന്‍‌പ് പുകവലി ‘ആണത്തത്തിന്‍റെ അടയാള’മായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പുകവലിക്കുന്നവരില്‍ നിന്ന് അകന്നുപോവുകയാണ് കൂടുതല്‍ ആളുകളും ചെയ്യുന്നത്. പുകവലിക്കാരോട് സംസാരിക്കാന്‍ തന്നെ പലര്‍ക്കും താല്‍പ്പര്യമില്ലാതായി. അവരോട് സംസാരിച്ച് എന്തിനാണ് ആ പുകയുടെ അവശിഷ്ടം സ്വന്തം ശ്വാസകോശത്തിലേക്ക് കടത്തിവിടുന്നത് !
 
എങ്കിലും, ക്യാന്‍സറിന്‍റെ പ്രധാന കാരണമായി ഇപ്പോഴും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത് പുകയിലയെ തന്നെയാണ്. ശ്വാസകോശ ക്യാന്‍സര്‍ ബാധിക്കുന്നവരില്‍ പുകയില തന്നെയാണ് പ്രധാന വില്ലന്‍ എന്നാണ് പലപ്പോഴും കണ്ടെത്താറുള്ളത്. പുകവലിയോടും പുകവലിക്കുന്നവരോടും അകന്നുനില്‍ക്കുക എന്നതുതന്നെയാണ് ചെയ്യേണ്ട കാര്യം. പുകവലിക്കുന്നവര്‍ എത്ര പ്രിയപ്പെട്ടവര്‍ ആയാലും അവരോടുപറയുക, ‘നമ്മള്‍ തമ്മിലുള്ള സൌഹൃദം വേണോ പുകവലി വേണോ എന്ന് തീരുമാനിച്ചുകൊള്ളുക’ എന്ന്. നിങ്ങളെ വിലവയ്ക്കുന്നവര്‍ പുകവലി ഉപേക്ഷിക്കും എന്നുറപ്പ്.
 
കഴിഞ്ഞ നൂറ്റാണ്ടിൽ പത്തു കോടി ജനങ്ങള്‍ ശ്വാസകോശ കാൻസർ ബാധിച്ചു മരിച്ചു. പുകവലിക്കാരില്‍ ക്യാന്‍സര്‍ ബാധയ്ക്കുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ മുപ്പത് ഇരട്ടിയോളമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എത്ര വര്‍ഷം പഴക്കമുള്ള ശീലമാണെങ്കിലും എത്രയും പെട്ടെന്ന് ഉപേക്ഷിക്കുന്നുവോ അത്രയും നല്ലതെന്നാണ് ഡോക്‍ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
 
ശ്വാസകോശാര്‍ബുദത്തിനും വദനാര്‍ബുദത്തിനും പുകവലി കാരണമാകുന്നു എന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. മരുന്നിനും‍ രോഗശാന്തിക്കും ചികിത്സക്കുമായി ചെലവഴിക്കുന്ന പണത്തിന്റെ വലിയൊരു ശതമാനം പുകയില ഉപയോഗിക്കാതിരുന്നാല്‍ ലാഭിക്കാവുന്നതേ ഉള്ളൂ. പുകയില മേഖലയിലെ തൊഴിലില്‍ നിന്നുണ്ടാവുന്ന വരുമാനവും പുകയിലമൂലമുണ്ടാവുന്ന രോഗങ്ങള്‍ക്ക്‌ വേണ്ടിവരുന്ന ചികിത്സചെലവും ഏതാണ്ട്‌ സമമാണ്‌. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍