യാത്രാ-ചരക്ക് നിരക്കുകളില്‍ മാറ്റമില്ല

വെള്ളി, 3 ജൂലൈ 2009 (16:01 IST)
യാത്രാ-ചരക്ക് നിരക്കുകള്‍ മാറ്റമില്ലാതെ റെയില്‍‌വെ മന്ത്രി മമതാ ബാനര്‍ജി ജനപ്രിയ റയില്‍ ബജറ്റ് അവതരിപ്പിച്ചു. സാമ്പത്തിക ലാഭം മാത്രമല്ല റെയില്‍വേയുടെ ലക്‍ഷ്യമെന്ന്‌ പ്രഖ്യാപിച്ച മമതാ ബാനര്‍ജി യാത്രക്കാര്‍ക്ക്‌ ഒട്ടേറെ ഇളവുകളും സൗജന്യങ്ങളും നല്‍കി.

രാജ്യത്ത് ഈ വര്‍ഷം 57 പുതിയ തീവണ്ടികള്‍ സര്‍വീസ് തുടങ്ങും. തത്‌കാല്‍ റിസര്‍വേഷനുള്ള കുറഞ്ഞ നിരക്ക്150 രൂപയില്‍ നിന്ന് 100 രൂപയായി കുറച്ചിട്ടുണ്ട്. രാജ്യത്തെ 50 സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നറിയിച്ച മമത സ്വകാര്യ പങ്കാളിത്തത്തോടെയാവും ഇത്‌ നടപ്പാക്കുകയെന്നും വ്യക്തമാക്കി.

ഇതിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് 60 ശതമാനം യാത്രാ ഇളവും 1500 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് പ്രതിമാസം 25 രൂപയ്ക്ക് പാസ് ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ചരക്ക് കടത്തില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനയില്ല. ബംഗാളിലെ കാഞ്ച്‌റപാ‍റയില്‍ പുതിയ റെയില്‍‌വേ കോച്ച് ഫാക്ടറി സ്ഥാപിക്കും. 130 സ്റ്റേഷനുകളില്‍ കൂടി പുതിയ ഇന്‍റഗ്രേറ്റഡ് സുരക്ഷാ സംവിധാനം എര്‍പ്പെടുത്തും.

സ്വകാര്യ ഫ്രൈറ്റ് ടെര്‍മിനലുകള്‍ക്ക് അനുമതി. റെയില്‍‌വെ ഭൂമി കൂടുതല്‍ സ്ഥലങ്ങളില്‍ പാട്ടത്തിന് നല്‍കും. മൊബൈല്‍ ടിക്കറ്റിംഗ് വാനുകള്‍ ഏര്‍പ്പെടുത്തും. ഇന്‍റര്‍ സിറ്റി ട്രെയിനുകള്‍ ഡബിള്‍ ഡെക്കറുകളാക്കും. ദീര്‍ഘ ദൂര ട്രെയിനുകളില്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കും.

ടാഗോറിന്റെ കവിതയും ഇന്ദിരാഗാന്ധിയുടെ പ്രസംഗവും ഉദ്ധരിച്ച്‌ പാവങ്ങളുടെ ക്ഷേമത്തിന് മുന്‍‌തുക്കം നല്‍കുന്ന ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് ബജറ്റ് അവതരണത്തിന് ആമുഖമായി മമത പറഞ്ഞു. ബജറ്റ് പ്രസംഗത്തില്‍ ഇല്ലാതിരുന്ന പല പ്രഖ്യാപനങ്ങളും മന്ത്രി തന്റെ പ്രസംഗത്തിനിടെ നടത്തി. തീവണ്ടി യാത്രകള്‍ കൂടുതല്‍ സുഖകരമാക്കണമെന്നും യാത്രക്കാരുടെ സൌകര്യത്തിനായിരികണം മുന്‍‌ഗണന നല്‍കേണ്ടതെന്നും മമതാ ബാനര്‍ജി പറഞ്ഞു.

വെബ്ദുനിയ വായിക്കുക