സരോജിനി ടീച്ചര്‍ - രണ്ടുപാട്ടിന്‍റെ റെക്കോഡ്

WDWD
മലയാള സിനിമയിലെ ആദ്യത്തെ പിന്നണിഗായിക തൃപ്പൂണിത്തുറ സ്വദേശിനിയായ സരോജിനി ടീച്ചറാണ്. മലയാളത്തിന്‍റെ ആറാമത്തെ ചിത്രമായി 1948ല്‍ പുറത്തിറങ്ങിയ "നിര്‍മ്മല'യില്‍ രണ്ടു പാട്ടുകളാണ് സരോജിനി ടീച്ചര്‍ പാടിയത്. അന്നുവരെ മലയാളത്തില്‍ അഭിനേതാക്കള്‍ തന്നെ പാടി അഭിനയിക്കുകയായിരുന്നു പതിവ്.

ആദ്യകാല ചിത്രങ്ങളില്‍ വിഗതകുമാരനും മാര്‍ത്താണ്ഡവര്‍മ്മയും നിശ്ശബ്ദ ചിത്രങ്ങളായിരുന്നു. മൂന്നാമത്തെയും ആദ്യത്തെ ശബ്ദചിത്രവുമായ "ബാലനി'ല്‍ 23 ഗാനങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് ജ്ഞാനാംബികയും പ്രഹ്ളാദയും പുറത്തുവന്നു. 24 ഗാനങ്ങളുമായി റിലീസ് ചെയ്ത ജ്ഞാനാംബികയുടെ റെക്കോഡ് മലയാളത്തില്‍ ഇന്നുവരെ മറികടക്കപ്പെട്ടിട്ടില്ല.

"കരുണാകര പീതാംബര ഗോപാല ബാല', "അയേകൃത ഭജനം' എന്നീ കാവ്യശകലങ്ങളാണ് നിര്‍മ്മലയില്‍ സരോജിനി ടീച്ചര്‍ പാടിയത്. നിര്‍മ്മലയിലൂടെയാണ് ഗായിക പി. ലീലയും പിന്നണി ഗാന രംഗത്തെത്തിയത്.

ആദ്യത്തെ പിന്നണി ഗായകന്‍റെ ഉദയവും നിര്‍മ്മലയിലൂടെയായിരുന്നു. നിര്‍മ്മലയില്‍ ഇവളോ നിര്‍മ്മല എന്ന ഗാനം ആലപിച്ച ടി.കെ. ഗോവിന്ദ റാവുവാണ് മലയാളത്തിലെ ആദ്യ പിന്നണി ഗായകന്‍.

നിര്‍മ്മലയിലെ ഗാനങ്ങള്‍ രചിച്ചത് മഹാകവി ജി. ശങ്കരകുറുപ്പും സംഗീത സംവിധാനം പി.എസ്. ദിവാകര്‍, പി.കെ. വാര്യര്‍ എന്നിവരുമായിരുന്നു. ഈ ഒറ്റച്ചിത്രത്തില്‍ മാത്രമേ ടീച്ചര്‍ പാടിയിട്ടുള്ളൂ.


തൃപ്പൂണിത്തുറ കണ്ണാമ്പള്ളില്‍ ഒരു യാഥാസ്ഥിത നായര്‍ കുടുംബത്തില്‍ ജനിച്ച സരോജിനി ടീച്ചര്‍ ചിറ്റമ്മ നടത്തിയിരുന്ന സംഗീത ക്ളാസുകള്‍ കേട്ടാണ് വളര്‍ന്നത്. സ്കൂളില്‍ സംഗീതം ഐച്ഛിക വിഷയമായെടുത്ത സരോജിനി ടീച്ചര്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സ്കൂളില്‍ സംഗീതം പഠനം തുടര്‍ന്നു. പിന്നീട് കളിക്കോട്ട ഗവണ്‍മെന്‍റ് ഗേള്‍സ് സ്കൂളില്‍ സംഗീതാദ്ധ്യാപികയായി. ഇക്കാലത്താണ് പിന്നണി പാടാനുള്ള അവസരം ടീച്ചറെ തേടിയെത്തുന്നത്.

അമ്മയ്ക്ക് ഇതിനോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ചിറ്റപ്പന്‍ കണ്ണാമ്പിളി കരുണാകര മേനോന്‍റെ പിന്തുണയില്‍ ടീച്ചര്‍ സമ്മതം നേടിയെടുത്തു.

മാങ്കായില്‍ സ്കൂളില്‍ സംഗീതാദ്ധ്യാപികയായി ഇരിക്കുമ്പോഴാണ് ആര്‍.ഡി.ഡി ഓഫീസില്‍ സൂപ്രണ്ടായ നാരായണമേനോനുമായി ടീച്ചര്‍ പ്രണയത്തിലാവുന്നതും വിവാഹിതയായതും.

വിവാഹശേഷം ടീച്ചറിന് സംഗീതത്തെ മറന്നു കളയേണ്ടി വന്നു. നാരായണമേനോന് സംഗീതം അപ്രിയമായിരുന്നു. അതോടെ ടീച്ചറിന് സംഗീതരംഗത്തു നിന്ന് പിന്‍വാങ്ങേണ്ടി വന്നു.

സംഗീതാദ്ധ്യാപനം തുടര്‍ന്നെങ്കിലും ടീച്ചര്‍ ഇന്നുമതില്‍ ദുഃഖിക്കുന്നു. സരോജിനി ടീച്ചര്‍ - മേനോന്‍ ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കളാണ്. മേനോന്‍ 1988ല്‍ നിര്യാതനായി. തൃപ്പൂണിത്തുറയിലെ "നീലിമ ചേന്നാട്' വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് ടീച്ചറിപ്പോള്‍.

വെബ്ദുനിയ വായിക്കുക