തദാസനം

Webdunia
സംസ്കൃതത്തില്‍ ‘തദ’ എന്നാല്‍ പര്‍വതം എന്നാണ് അര്‍ത്ഥം. ശരീരത്തെ പര്‍വത സമാനമായി, അചലമാക്കി, ചെയ്യുന്ന യോഗാസന സ്ഥിതിയെ സമസ്ഥിതി ആസനമെന്നും പറയുന്നു . ‘സമ’ എന്നാല്‍ അനക്കമില്ലാത്ത അവസ്ഥ. ‘സ്ഥിതി ’ എന്നാല്‍ നിവര്‍ന്ന് നില്‍ക്കുക. ‘സമസ്ഥിതി’ എന്നാല്‍ അനങ്ങാതെ നിവര്‍ന്ന് നില്‍ക്കുക.

ചെയ്യേണ്ട രീതി

* രണ്ട് പാദങ്ങളുടെയും ഉപ്പൂറ്റി മുതല്‍ തളള വിരല്‍ വരെ ഭൂമിയില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ നില്‍ക്കുക. ശരീരത്തിന്‍റെ പിന്‍‌ഭാഗം നിവര്‍ത്തി നില്‍ക്കുക. കൈകള്‍ വശങ്ങളില്‍ അല്പം അമര്‍ത്തി വയ്ക്കുക, ഉള്ളം കൈ അകത്തോട്ട് തിരിച്ച് പിടിക്കണം.

* കാല്‍മുട്ടുകള്‍, തുടകള്‍, ഉദരം, നിതംബം എന്നിവയില്‍ ബലംകൊടുത്ത് ഇറുക്കി പിടിക്കുക. ഇരുകാലുകളിലും ശരീര ഭാരം താങ്ങുക.
WD


* കൈകള്‍ ശരീരത്തിന് സമാന്തരമായി ഉയര്‍ത്തുക. ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിന് ഒപ്പം കൈകളും തോളിനു മുകളിലേക്ക് കൊണ്ടു പോവണം. ഈ സമയം കാല്‍ വിരലുകളില്‍ ഊന്നി, നിതംബം അല്പം ഉയര്‍ത്തി, ശരീരം മുകളിലേക്ക് ഉയര്‍ത്തണം. കൈകള്‍ തോളുകള്‍ക്ക് മുകളിലെത്തുമ്പോള്‍ കൈപ്പത്തി ഉള്ളിലേക്ക് വളച്ച് രണ്ട് കൈകളിലെയും വിരലുകള്‍ പരസ്പരം പിണച്ച് വയ്ക്കണം.

* ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കൈകള്‍ താഴ്ത്താം. കൈകള്‍ ശരീരത്തിനിരുവശവും കൊണ്ടുവന്നു കഴിഞ്ഞ് കാലുകള്‍ അല്‍പ്പം അകത്തുക. കൈകള്‍ പിന്നിലേക്ക് കൊണ്ടുവരിക. ശരീരത്തിന്‍റെ പിന്‍‌ഭാഗം അല്പം വളച്ച്, ഉദരം മുന്നോട്ട് തള്ളിയ ശേഷം ശിരസ് സാധിക്കാവുന്നിടത്തോളം പിറകിലോട്ട് വളയ്ക്കുക. ഇനി ആദ്യത്തെ അവസ്ഥയിലേക്ക് മടങ്ങാം.

പ്രയോജനങ്ങള്‍

WD
* തദാസനം ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് തന്‍റെ ശരീര നില സൂക്‍ഷ്മമായി മനസിലാക്കാന്‍ കഴിയുന്നു. ദൈനംദിന കാര്യങ്ങള്‍ക്കിടയില്‍ കണക്കിലെടുക്കാത്ത ശരീര പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കഴിയും.

* ശരീരം നിശ്ചലാവസ്ഥയില്‍ അല്പ നേരം പിടിച്ച് നിര്‍ത്തുകയും ശ്വാസം, മനസ് എന്നിവ അല്പ സമയം ഏകാഗ്രമാക്കുകയും ചെയ്യുന്നത് വഴി ശരീരത്തിന്‍റെ പല പ്രശ്നങ്ങളും മനസിലാക്കാന്‍ കഴിയും. നട്ടെല്ല്, പാദം, ശരീരത്തിന്‍റെ സന്തുലനം, ചുമലുകള്‍, കഴുത്ത്, പിന്‍‌ഭാഗം എന്നിവയുടെയും മറ്റ് ശാരീരിക പ്രശ്നങ്ങളും ഈ ആസനം ചെയ്യുന്നതിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഇതുവഴി കൂടുതല്‍ ആസന മുറകള്‍ ചെയ്യേണ്ടതിന്‍റെ ആവശ്യം മനസിലാക്കാനും കഴിയും.

* മറ്റ് ആസനങ്ങള്‍ക്കൊപ്പം ശരിയായ രീതിയിലും സ്ഥിരമായും തദാസനം ചെയ്യുക വഴി ശരീരം സന്തുലനാവസ്ഥയില്‍ നിലനിര്‍ത്താന്‍ കഴിയുന്നു. ശാരീരിക നിലയുടെ ദോഷഫലങ്ങള്‍ മനസിലാക്കി അത് പരിഹരിക്കാനും കഴിയുന്നു.

* തദാസനം ശരിയായി ചെയ്യുകയും മനസ് ഏകാഗ്രമാക്കുകയും ചെയ്യുക വഴി ശരീരം ഭൂമിയില്‍ പര്‍വതം പോലെ അനങ്ങാതെ ഉറച്ച നിലയില്‍ നില്‍ക്കുന്നതായി അനുഭവപ്പെടുന്നു.