സദ്ഗുരുവിനൊപ്പം ഇഷ യോഗ!

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2011 (19:42 IST)
PRO
ഇഷ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ‘സദ്ഗുരുവിനൊപ്പം ഇഷ യോഗ’ എന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പച്ചൈയപ്പ കോളജ് ഗ്രൌണ്ടില്‍ ഈ മാസം 25 മുതല്‍ 27 വരെയാണ് പരിപാടി സംഘടിപ്പിച്ചത്. പുരാതന യോഗവിദ്യയായ സംഭവി മഹാമുദ്ര മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടിയില്‍ സദ്ഗുരു 14154ഓളം ആളുകള്‍ക്ക് പകര്‍ന്ന് നല്‍കി. ചെന്നൈയിലും സമീപമുള്ള ജില്ലകളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവരുമാണ് യോഗയില്‍ പങ്കെടുത്തത്. ഇതേ മാതൃകയില്‍ ഈ മാസം ആദ്യം ട്രിച്ചിയിലും മധുരയിലും നടത്തിയ പരിപാടികളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു.

ഇത്രയും സുശക്തമായ ആത്മീയ ആചാരങ്ങളില്‍ വന്‍ തോതില്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചത് നേട്ടമായി കാണുന്നുവെന്ന് ഇഷ ഫൌണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ആധുനിക മനുഷ്യനെ ആരോഗ്യപരമായും ആന്തരിക വളര്‍ച്ചക്കും ജീവിത വിജയത്തിനും സഹായിക്കുന്ന വിധത്തിലാണ് സംഭവി മഹാമുദ്ര യെന്ന യോഗവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

യോഗവിദ്യയെ ആഴത്തിലും സമഗ്രമായും സമീപിക്കുന്നതാണ് ഇഷ യോഗവിദ്യ. സാമൂഹ്യമായും കുടുംബപരമായുമുള്ള ഉത്തരവാദിത്വങ്ങള്‍ ഉപേക്ഷിക്കാനല്ല ഇഷ യോഗ പഠിപ്പിക്കുന്നത്. മറിച്ച് വ്യക്തിത്വ വികസനവും ആത്മജ്ഞാനം നേടാനുമാണ് ഇത് നമ്മളെ പ്രാപ്തരാക്കുന്നതെന്നും ഫൌണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും നല്‍കുന്നതിനപ്പുറം വ്യക്തിയുടെ ജീവിതം മാറ്റിമറിക്കാനുള്ള ശേഷി അവനവനില്‍ തന്നെയുണ്ടാക്കാനാണ് സദ്ഗുരു ശ്രമിക്കുന്നത്. മനുഷ്യാവകാശങ്ങള്‍, ബിസിനസ് മൂല്യങ്ങള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങി ഈ കാലഘട്ടത്തിലെ മനുഷ്യന്‍ നേരിടുന്ന സമകാലിക സംഭവങ്ങളെക്കുറിച്ച് വേള്‍ഡ് ഇക്കണോമിക് ഫോറം, ഐക്യരാഷ്ട്ര സഭ തുടങ്ങി അന്താരാഷ്ട്ര പ്രശസ്തമായ വേദികളില്‍ അനവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട് സദ്ഗുരു.