മാര്‍ച്ച് എട്ട് ലോക വനിതാ ദിനം. ജാതിമത ദേശ സാമ്പത്തിക സാംസ്‌കാരിക അതിര്‍ത്തികളെ ഇല്ലാതാക്കി സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം. അവകാശസമരത്തിന്റെ ഓര്‍മ്മകള്‍ നൂറ്റാണ്ട് കടക്കുന്ന ദിവസമാണിത്.
എന്നെത്തെയും പോലെ സമത്വം, സ്വാതന്ത്ര്യം, എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് എട്ടിലെ ഈ വനിതാദിനം കടന്നെത്തുന്നത്.
ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പെണ്‍സുരക്ഷയെക്കുറിച്ചുള്ള നടുക്കങ്ങളാണ് സൃഷ്ടിക്കുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ നീളുന്ന പീഡിതരുടെ നിരയാണ് ഓരോദിവസവും ഉണ്ടാകുന്നത്.
സ്ത്രീ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടുന്ന നാടായി മാറുന്ന ഇന്ത്യയില്‍ എന്തിനു വേണ്ടിയാണ് ഈ വനിതാ ദിനം ആചരിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാകുന്നത്.
എക്കാലവും സമൂഹത്തിന്റെ മുൻ നിരയിലാണ് സ്ത്രീകളുടെ സ്ഥാനമെന്ന് കാണിക്കാനുള്ള വെറും കപട നാടകമാണോ നമ്മള്‍ ലോകമെമ്പാടും സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന ഈ വനിതാദിനം.
ചിലപ്പോള്‍ നിർഭയ പോലെയുള്ള സംഭവങ്ങളുടെ ഓര്‍മകളെ വാര്‍ത്തെടുക്കുവാനും ഈ ദിനം കാരണമാകാറുണ്ട്. പുരുഷ വര്‍ഗത്തിന്റെ ക്രൂരതകളെ ചൂണ്ടിക്കാണിക്കാന്‍ അല്ലെങ്കില്‍ ഓര്‍മപ്പെടുത്താന്‍ ജനങ്ങൾ ഈ ദിനം ആചരിക്കണം.