ഒരുമിച്ച് കളിച്ച് നടക്കാനും ഒരുമിച്ച് നീന്താനും അവർക്കും ആഗ്രഹമുണ്ട്, എന്തിനാണ് ഈ വേർതിരിവ്?: വൈറൽ കുറിപ്പ്

Webdunia
ശനി, 6 ജൂലൈ 2019 (15:41 IST)
സ്ത്രീ സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുതി സോഷ്യൽ മീഡിയയിൽ ചർച്ചയായ യുവതിയാണ് ശ്രീലക്ഷ്മി അറക്കൽ. ശ്രീലക്ഷ്മിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചാ വിഷയം. ആർത്ചവത്തിന് ശേഷം സ്ത്രീകൾക്ക് അവർ അനുഭവിച്ചിരുന്ന സ്വാതന്ത്യം ഇല്ലാതാകുന്നുവെന്ന് ശ്രീലക്ഷ്മി പറയുന്നു.
 
ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം;
 
മൈതാനങ്ങൾ കൈയ്യേറിയ പുരുഷാധിപത്യം.
 
നമ്മുടെ നാട്ടിൽ ഒത്തിരി ഒത്തിരി മൈതാനങ്ങളും നീന്തൽ കുളങ്ങളും ഉണ്ട്.
എന്നിട്ടും ഏതെങ്കിലും ഒരു പെൺകുട്ടി ആ മൈതാനത്ത് നിന്ന് ക്രിക്കറ്റോ ഫുഡ്ബോളോ വോളീബോളോ കളിക്കുന്നത് കണ്ടിട്ടുണ്ടോ?
 
നീന്തൽ കുളങ്ങളിൽ ആൺകുട്ടികൾ ഊളി ഇട്ട് രസിക്കുമ്പോൾ ഏതെങ്കിലും ഒരു പെൺകുട്ടിയെ ആ കുളത്തിന്റെ സൈഡിലെങ്കിലും കാണാറുണ്ടോ?
 
വില്ലേജ് റോക്കേഴ്സ് എന്ന സിനിമയിൽ കാണിക്കും പോലെ ഒരു പെൺകുട്ടിക്ക് ആദ്യമായ് ആർത്തവം ആകുന്ന ദിനമാണ് അവളുടെ കാലിൽ ചങ്ങലകൾ ആഞ്ഞ് മുറുകുന്ന ദിവസം.
 
ഒരു പൂമ്പാറ്റയേപോലെ പാറി പറന്ന് എല്ലാവരുടെ കൂടെ കളിച്ച് നടക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് ആർത്തവം എന്ന പ്രക്രിയ കടന്ന് വരുന്നതോടെ അവൾക്ക് അന്നേ വരെയുളള അവളുടെ ശീലങ്ങൾ പാടേ മാറ്റി ഒരു പുതിയ വ്യക്തി ആയി മാറേണ്ടി വരുന്നു.
 
തികച്ചും ബയോളജിക്കൽ ആയിട്ടുളള ഒരു പ്രോസസിന് വേണ്ടി എന്തിനാണ് പെൺകുട്ടികളോട് സ്വന്തം ശീലങ്ങൾ മാറ്റാൻ പറയുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല.
 
പെൺകുട്ടികൾക്ക് ആദ്യ ആർത്തവം വരുന്നതിന് പുറകേയാണ് അവർക്ക് അവരുടെ കളി സ്ഥലം അനാധമാകുന്നതും.
 
കൂട്ടുകൂടി കളിക്കാൻ അവർക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല. ആൺകുട്ടികൾ നീന്തികളിക്കുന്നത് കാണുമ്പോൾ അവർക്കും ആഗ്രഹം തോന്നാഞ്ഞിട്ടല്ല. ഈ സമൂഹം എന്ത് പറയും എന്ന് പേടിച്ച് മാത്രമാണ് അവർ മാറി നിൽക്കുന്നത്.
 
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് കളിച്ച് തന്നെയാണ് വളരേണ്ടത്. എന്തിനാണ് ഇങ്ങനെ അതിർ വരമ്പുകൾ സൃഷ്ടിക്കുന്നത്? ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നീന്തിയാൽ ഒരു ചുക്കും സംഭവിക്കാനില്ല.
 
പക്ഷേ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറക്കാൻ പോലും ഇഷ്ടമില്ലാത്ത ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.
 
ഒന്നോ രണ്ടോ വർഷം മുൻപ് Karthik Sasi അവരുടെ ഗ്രാമത്തിലെ പെൺകുട്ടികൾക്കായി ഫുഡ്ബോൾ പരിശീലനം നടത്തിയത് ഞാൻ ഓർക്കുന്നു . അതൊരു മാതൃകയാണ്❤
 
എല്ലാ നാട്ടിലും കഴിവുകൾ ഉളള ഒരുപാട് പെൺകുട്ടികൾ വീട്ടിലിരിപ്പുണ്ട്. പെൺകുട്ടികളെ എല്ലാവരേയും ഒരുമിപ്പിക്കുക, അവരെ പബ്ലിക് സ്പേസിൽ കളിക്കാൻ മോട്ടിവേറ്റ് ചെയ്യുക, കളിക്കുമ്പോൾ അവർക്ക് കംഫേർട്ടബിൾ ആയ എന്ത് വസ്ത്രവും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് കൊടുക്കുക എന്നത് ഒക്കെ വളരെ പ്രധാനപ്പെട്ട കാര്യമാണ്.
 
നാട്ടിലെ ക്ലബ്ബുകൾക്കും സിറ്റിയിലെ റെസിഡൻസ് അസോസിയേഷൻകാരും ഒന്ന് മനസ്സുവെച്ചാൽ ആണുങ്ങൾ മാത്രം കൈയ്യേറിയ ഗ്രൗണ്ടുകൾ/കളിസ്ഥലങ്ങൾ പെൺകുട്ടികൾക്ക് കൂടി ഇക്വലായി വിഭജിച്ച് കൊടുക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article