വെണ്ടയ്ക്ക കൊണ്ട് ചില വമ്പന്‍ കാര്യങ്ങള്‍, ആരോഗ്യത്തിന് അത്യുത്തമം!

ബുധന്‍, 16 ജനുവരി 2019 (14:45 IST)
വെണ്ടയ്‌ക്കയുടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ണിക്കാനാവാത്തതാണ്. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം പലവിധ രോഗങ്ങളില്‍ നിന്നും മുക്തി നേടാനും വെണ്ടയ്‌ക്ക മികച്ചതാണ്.
 
ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ കെ1, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് വെണ്ടക്ക.
 
വെണ്ടയ്ക്കയില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോഗങ്ങള്‍ ഇല്ലാതാക്കാന്‍ വെണ്ടയ്‌ക്ക മികച്ചതാണ്.
വെണ്ടയ്‌ക്കയിലെ വൈറ്റമിന്‍ സി ഇമ്മ്യൂണ്‍ സിസ്റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു.
 
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ് വെണ്ടയ്‌ക്ക. ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഉത്തമമാണ്.
 
വെണ്ടയ്‌ക്ക രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തെ കഠിനാധ്വാനത്തില്‍ നിന്നു മോചിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകള്‍ കിഡ്‌നി സ്‌റ്റോണിന് കാരണമാകുന്നതായും വിദഗ്ധര്‍ പറയുന്നു.
 
ഇതാ വെണ്ടയ്ക്ക കൊണ്ട് തയ്യാറാക്കാവുന്ന രുചികരമായ ഒരു കറി
 
വെണ്ടയ്ക്ക ഫിംഗര്‍ മസാല
 
വെണ്ടയ്ക്ക പ്രിയമല്ലാത്തവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ കൂട്ട്‌ പരീക്ഷിക്കണം. പിന്നെ അവര്‍ വെണ്ടയ്ക്കയുടെ ആരാധകരാകും.
ചേര്‍ക്കേണ്ട ഇനങ്ങള്‍
 
വെണ്ടയ്ക്ക - ഒരു കിലോ
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മുളക്‌ പൊടി - ഒരു ടീസ്പൂണ്‍
പച്ചമുളക്‌ - 4
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - 120 ഗ്രാം
 
പാകം ചെയ്യേണ്ട വിധം
 
വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിക്കുക. പച്ചമുളക്‌ കഴുകി ചെറിയ കഷണങ്ങളായി മുറിക്കണം. പാന്‍ ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച്‌ തിളപ്പിച്ച്‌ നുറുക്കി വെച്ചിരിക്കുന്ന വെണ്ടയ്ക്ക പച്ചമുളകും മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളക്പൊടി, ഉപ്പ്‌ ചേര്‍ത്ത്‌ ഇളക്കി അടച്ചു മൂടി ചെറുതീയില്‍ അരമണിക്കൂര്‍ വേവിച്ച ശേഷം അടുപ്പില്‍ നിന്നിറക്കി വെച്ച്‌ ചൂടോടെ ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍