സ്വവര്‍ഗ ലൈംഗികത: സുപ്രീംകോടതി വിധി ഇന്ന്

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (10:22 IST)
ഉഭയ സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി തുടരുമോ ഇല്ലയോ എന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പ്രസ്‌താവിച്ചേക്കും. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്‌താവിക്കുക. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377മത് വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളിലാവും വിധി പറയുക.
 
നിലവില്‍ 1861ലെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം സ്വവര്‍ഗരതി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം, ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി 2009 ല്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഈ വിധി 2013 ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
 
ജൂലൈ 17ന് എല്‍ജിബിടി സമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും മിഷണറിമാരും തമ്മിലുള്ള വാദം കേട്ടശേഷം കഴിഞ്ഞ മാസം ഏഴിന് വീണ്ടും വാദം കേള്‍ക്കുകയും അന്ന് വിധി പറയല്‍ ഇന്നത്തേക്ക് മാറ്റുകയുമായിരുന്നു. 2016ല്‍ ഭരതനാട്യം നര്‍ത്തകന്‍ എന്‍ എസ് ജോഹർ‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, റിതു ഡാല്‍മിയ, അമന്‍ നാഥ് തുടങ്ങിയവര്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗികത കുറ്റകരമല്ലാതാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജൂലായ് 17ന് ഹർജികളിൽ വാദം പൂർത്തിയായിരുന്നു. വിധി പുറപ്പെടുവിക്കാൻ മാറ്റിവെച്ചിരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article