വിദേശ യാത്രകൾക്ക് 1484 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി - കേരളത്തിലെ പ്രളയത്തിന് വെറും 100 കോടി

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (14:31 IST)
മഹാപ്രളയം കേരളത്തിന്‍റെ പ്രാണനെടുക്കുകയാണ്. സംസ്ഥാനത്തെ മുക്കിയ വെള്ളപ്പൊക്കത്തിൽ പൊലിഞ്ഞത് 164 ജീവനുകളാണ്. വീടും സ്വത്തും നഷ്ടപ്പെട്ട് പ്രാണനും കൈയ്യിൽ പിടിച്ച് ഓടിയത് ലക്ഷക്കണക്കിന് ആളുകളാണ്. പക്ഷേ ഈ കെടുതികളൊന്നും ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള സംഭവമാണെന്ന് കേന്ദ്രസര്‍ക്കാരിന് മാത്രം ഇതുവരെ തോന്നിയിട്ടില്ല. 
 
ചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകരമായ പ്രളയത്തിന് അടിയന്തര സഹായമായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് വെറും 100 കോടി രൂപയായിരുന്നു. കേരളം ആവശ്യപ്പെട്ടത് 1200 കോടിയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. 
 
ജനങ്ങളുടെ ജീവിതം വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന വിമര്‍ശനങ്ങള്‍ പലകോണുകളില്‍ നിന്നായി ഉയരുകയാണ്. ഇതിനിടെ മോദിസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്‍.
 
തന്‍റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. " മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം വളരെ വ്യക്തമാണ്. വിദേശ യാത്രകള്‍ക്കായി 1484 കോടി, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4300 കോടി, പക്ഷേ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിടുന്ന കേരളത്തിന് വെറും 100 കോടി' എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article