വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുകിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജ്ജിതമായി നടക്കുകയാണ്. സംസ്ഥാനത്തിന്റെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും സംസാരിച്ചിരുന്നു. ഓഗസ്‌റ്റ് എട്ട് മുതൽ മഴക്കെടുതിയിൽ 164 പേരുടെ ജീവൻ നഷ്‌ടമായി. ഒട്ടപ്പെട്ടുകിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി ഹെലികോപ്‌റ്ററുകൾ എത്തിയിട്ടുണ്ട്. പത്തനംതിട്ടയിലേക്കും ആലപ്പുഴയിലേക്കും രണ്ടു ഹെലികോപ്ടറുകള്‍ വീതം എത്തും.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് സ്ഥിഗതികൾ വളരെ മോശമായി തുടരുന്നത്. ഇവിടെ ആയിക്കണക്കിന് ആളുകൾ കെട്ടിടങ്ങളിലും വീടുകളിലുമൊക്കെയായി ഒറ്റപ്പെട്ട് കഴിയുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് തീവ്രമായി തുടരുന്നത്.
കേന്ദ്രസേനയുടെയും സംസ്ഥാന ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണവുമുണ്ട്. ഇന്നലത്തെ യോഗ തീരുമാനപ്രകാരം തൃശ്ശൂര്‍, ചാലക്കുടി, ആലുവ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ബോട്ടുകളെത്താന്‍ സാധിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്കും കൂടുതൽ ബോട്ടുകൾ എത്തിച്ചു.
ഹെലികോപ്ടറിലൂടെ ആവശ്യമായ ഭക്ഷണവും വെള്ളവുമെത്തിക്കുന്നുണ്ട്. വിതരണം ചെയ്യാന്‍ ആവശ്യമായ ഭക്ഷണപ്പാക്കറ്റുകള്‍ സംഭരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷണപ്പാക്കറ്റുകളും ഉണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസംസ്‌കരണ വിഭാഗം ഒരു ലക്ഷം ഭക്ഷണപാക്കറ്റുകളാണ് എത്തിക്കുക.
ആർമിയുടെ പതിനാറ് ടീമുകൾ രംഗത്തെത്തി. വിവിധ മേഖലകളിൽ ചുമതലകൾ നിർവഹിക്കുന്നു. നാവികസേനയുടെ പതിമൂന്ന് സേനകൾ തൃശ്ശൂരിലും പത്ത് ടീമുകൾ വയനാട്ടിലും നാല് ടീം ചെങ്ങന്നൂരിലും 12 ടീമുകൾ ആലുവായിലും മൂന്ന് ടീമുകൾ പത്തനംതിട്ട മേഖലകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. നാവിക സേനയുടേത് മാത്രമായി മൂന്ന് ഹെലികോപ്‌ടറുകൾ രക്ഷാപ്രവർത്തന രംഗത്തുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം വയനാടും ഇടുക്കിയും മഴ കുറഞ്ഞിട്ടുണ്ട്. റാന്നി, കോഴഞ്ചേരി മേഖലയില്‍ വെള്ളം താഴുന്നുണ്ട്. ചെങ്ങന്നൂര്‍, തിരുവല്ല പ്രദേശങ്ങളില്‍ വെള്ളം ശക്തമായി ഒഴുകുകയാണ്. പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ചാലക്കുടിയിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നു.
ഓരോ മേഖലയ്ക്കും പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള പ്രദേശത്തുനിന്ന് മാറിത്താമസിക്കണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കണം.'- മുഖ്യമന്ത്രി പറഞ്ഞു.