2.oയുടെ മാസ് എൻട്രി; രജനി ആരാധനയിൽ ചെന്നൈയിലെ ഓഫീസുകള്‍ നിശ്ചലമായി

കെ എസ് ഭാവന

വ്യാഴം, 29 നവം‌ബര്‍ 2018 (17:07 IST)
ഇന്നത്തെ ദിവസം രജനീ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇന്ത്യൻ സിനിമ ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരുന്ന 2.o റിലീസ് ചെയ്‌ത ദിവസം. ആരാധകർ ആഗ്രഹിച്ചതുപോലെ തന്നെ രജനിയും കൂട്ടരും ആരുടേയും പ്രതീക്ഷകൾ തെറ്റിച്ചില്ല. എല്ലായിടത്തുനിന്നും മികച്ച റിവ്യൂ മാത്രമേ ചിത്രത്തിന് ലഭിക്കുന്നുള്ളൂ.
 
രജനീകാന്ത്, വിജയ്, സൂര്യ, അജിത് തുടങ്ങിയവരുടെയെല്ലാം ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ എങ്ങനെ അവയ്‌ക്കെല്ലാം വ്യത്യസ്തമായ രീതിയില്‍ സ്വീകരണം നല്‍കാമെന്നാണ് ആരാധകർ ആലോചിക്കുന്നത്. എന്നാൽ ഇവർ സ്വീകരണം നൽകുക മാത്രമല്ല ആരാധന മൂത്ത് എന്തും ചെയ്യാൻ തുനിഞ്ഞിറങ്ങുകയാണ്.
 
ഇന്ന് റിലീസ് ചെയ്‌ത രജനീകാന്തിന്റെ ചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടിയും സിനിമയുടെ വിജയത്തിനുവേണ്ടിയും ആരാധകർ മണ്‍ചോര്‍ കഴിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വെറും നിലത്ത് ചോറ് ഇട്ട് അത് വാരി കഴിച്ചുകൊണ്ടാണ് മധുരയിലെ ഒരുകൂട്ടം ആരാധകർ രജനികാന്തിനോടുള്ള സ്‌നേഹം വെളിപ്പെടുത്തിയത്.
 
ഇതിന് പുറമേ 2.oയുടെ റിലീസുമായി ബന്ധപ്പെട്ട് ആദ്യ ദിവസത്തെ ഷോ കാണുന്നതിനായി ചെന്നൈയിൽ ചില കമ്പനികളിൽ ലീവ് വരെ നൽകിയിട്ടുണ്ട്. ഇതേ അവസ്ഥ തന്നെയായിരുന്നു രജനിയുടെ 'കബാലി'യ്‌ക്കും ഉണ്ടായിരുന്നത്. ഇതിന് പുറമേ 'കബാലി' ഇറങ്ങിയപ്പോൾ സ്വന്തം കാറിൽ മുഴുവൻ രജനിയുടെ ചിത്രങ്ങൾ ഒട്ടിച്ച് ശ്രീനിവാസൻ എന്ന ആരാധകന്റെ വാർത്തയും വളരെ വൈറലായിരുന്നു. 
 
എന്നാൽ ഇത്തരത്തിലുള്ള ആരാധക സ്‌നേഹത്തിനെതിരെയായി താരങ്ങൾ തന്നെ പലപ്പോഴായി രംഗത്തുവന്നിട്ടുണ്ട്. ഇളയ ദളപതി വിജയ്‌യുടെ 'സർക്കാർ' റിലീസിന് മുമ്പ് ഫ്ലെക്‌സിന് മുകളിൽ പാലഭിഷേകം നടത്തി പാല് വെറുതേ കളയരുത് എന്ന മുന്നറിയിപ്പുമായി വിജയ് തന്നെ രംഗത്തെത്തിയിരുന്നു.
 
തങ്ങൾ ഇഷ്‌ടപ്പെടുന്ന താരങ്ങൾക്ക് വേണ്ടി മുന്നും പിന്നും നോക്കാതെ കാര്യങ്ങൾ ചെയ്യുകയാണ് തമിഴ്‌നാട്ടിലെ ആളുകൾ എന്ന് പല സംഭവങ്ങളിലൂടെ തെളിഞ്ഞതാണ്. മറ്റ് ഭാഷകളിൽ ഉള്ളതിനേക്കാൾ കൂടുതലായി താരാരാധന നടത്തിവരുന്നതും തമിഴ്‌നാട്ടിൽ തന്നെയാണ്. 
 
ഇതിന് മുമ്പ് ശരീരത്തില്‍ കമ്പി തുളച്ച് ജെസിബിയില്‍ കെട്ടിതൂങ്ങി ചിമ്പുവിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്ന യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെക്ക ചിവന്ത വാനം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു ഇത്തരത്തിലൊരു സംഭവം നടന്നത്.
 
എം ജി ആര്‍ അന്തരിച്ചപ്പോള്‍ സങ്കട, സഹിക്കാന്‍ കഴിയാതെ ആരാധകര്‍ ആത്മഹത്യ ചെയ്യുകപോലും ചെയ്തു. ഇതും ആരാധനയുടെ ഭാഗം തന്നെയാണ്. കഴിവിലൂടെയും സ്വഭാവത്തിലൂടെയും അഭിനയ മികവിലൂടെയും ഒക്കെത്തന്നെയാണ് ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ആരാധകനാകുന്നത്.
 
സിനിമയെ വച്ചുനോക്കിയാൽ, അതായത് സിനിമ ഒരു വ്യവസായം കൂടി ആയതുകൊണ്ട് ഈ ആരാധന എന്നും ആവശ്യമുള്ളതുതന്നെയാണ്. ഇത് ഉണ്ടെങ്കിൽ മാത്രമേ ഏത് ഭാഷയിൽ ആണെങ്കിലും ഇന്ന് കാണുന്ന സൂപ്പർ താരങ്ങളും ഉണ്ടാകുകയുള്ളൂ. എന്നാൽ ഈ ആരാധന അതിര് കടക്കുമ്പോഴാണ് പലപ്പോഴും പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍