‘പ്രകൃതിക്കും മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണി’; രജനികാന്ത് ചിത്രം 2.0നെതിരെ പരാതി - ആശങ്കയോടെ ആരാധകര്‍

ബുധന്‍, 28 നവം‌ബര്‍ 2018 (13:57 IST)
പ്രദര്‍ശനത്തിനു മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ രജനികാന്ത് ചിത്രം 2.0നെതിരെ കേസ്.  മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ്‍ (സിഒഎഐ) പരാതി നല്‍കിയിരിക്കുന്നത്.

ചിത്രം തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനാല്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് സിഒഎഐ  നിർമ്മാതക്കൾക്കെതിരെ സെൻ‌സർ ബോർഡിനും പ്രക്ഷേപണ മന്ത്രാലയത്തിനും പരാതി നല്‍കിയത്.

മൊബൈല്‍ ടവറുകളില്‍ നിന്നും സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും റേഡിയേഷന്‍ ഉണ്ടാകുന്നത് പ്രകൃതിക്കും മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാണെന്ന സന്ദേശമാണ് സിനിമ നല്‍കുന്നതെന്നാണ് സിഒഎഐ പ്രധാന പരാതി.

സിനിമയ്‌ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നും സിനിമയുടെ തമിഴ്പതിപ്പും ടീസറുകളും ട്രെയ്‌ലറും മറ്റ് പ്രമോഷണല്‍ വീഡിയോകളും സിനിമയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും തടയണമെന്ന് അവര്‍ സെന്‍സര്‍ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

പരാതിയില്‍ വാദം കേള്‍ക്കുന്നത് വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ശങ്കര്‍ - രജനികാന്ത് കൂട്ടുകെട്ടില്‍ 2010 ല്‍ പുറത്തുവന്ന യന്തിരന്റെ രണ്ടാംഭാഗമാണ് 2.0. നായികയായി എമി ജാക്‍സണ്‍ എത്തുമ്പോള്‍ ബോളിവുഡ് ഹീറോ അക്ഷയ് കുമാറാണ് വില്ലനാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍