വനിതാ മതിലിനെ പിന്തുണച്ച് മഞ്ജുവാര്യർ വന്നതും പിന്നീട് തീരുമാനത്തിൽ നിന്ന് മാറി ചിന്തിച്ചതിനെക്കുറൊച്ചുമെല്ലാം വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഈ വിഷയത്തിലിപ്പോൾ ഹാസ്യം കലര്‍ന്ന ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കർ.
ഫേസ്‌ബുക്കിലൂടെയാണ് ജയശങ്കർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
മഞ്ജു വാര്യര്‍ വനിതാ മതിലിനുളള പിന്തുണ പിന്‍വലിച്ചു.
സമസ്ത കേരള വാര്യര്‍ സമാജം നവോത്ഥാന മൂല്യങ്ങളെയും വനിതാ മതിലിനെയും എതിര്‍ക്കുന്നതു കൊണ്ടല്ല, ഒടിയന്‍ സിനിമക്കെതിരെ നടന്ന ഒടിവിദ്യയില്‍ മനംനൊന്തിട്ടുമല്ല മഹാനടി മനസ്സു മാറ്റിയത്.മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സര്‍ക്കാര്‍ പരിപാടിയാണ് വനിതാ മതില്‍ എന്നാണ് മഞ്ജു കരുതിയത്രേ. മതിലിനു രാഷ്ട്രീയവും മതവും ജാതിയും ഉപജാതിയും നവോത്ഥാന പാരമ്ബര്യവും ഉണ്ടെന്ന് സ്വപ്‌നേപി അറിഞ്ഞില്ല.
കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. സിനിമ, നൃത്തം, പരസ്യം- അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല, താല്പര്യമില്ല. അതുകൊണ്ട് മതിലു പണിയില്‍ നിന്ന് സവിനയം പിന്മാറുന്നു. സോറി.മഞ്ജു വാര്യര്‍ പിന്‍മാറിയതോടെ വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് 'അമ്മ'സംഘടനയുടെയും ദിലീപ് ഫാന്‍സ് അസോസിയേഷന്റെയും അഭിമാനപ്രശ്‌നമായി മാറി. കാവ്യ മാധവന്‍ കൈക്കുഞ്ഞുമായി വനിതാ മതിലില്‍ അണിചേരാനും സാധ്യത.