എബ്രിഡ് ഷൈന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ആഴ്ചയാണ് പൂമരം റിലീസ് ആയത്. കാളിദാസ് ജയറാമിന്റെ ആദ്യ നായക മലയാള ചിത്രമെന്ന പ്രത്യേകതയും പൂമരത്തിനുണ്ട്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വിഷ്വല്‍ ട്രീറ്റ് ആണ് പൂമരം.
ഇപ്പോഴിതാ, കാളിദാസിന്റെ അഭിനയത്തേയും പൂമരത്തേയും വാനോളം പുകഴ്ത്തി സംവിധായകന്‍ ഹരിഹരന്‍. കാളിദാസിന്റേത് അനായാസായ അഭിനയമെന്ന് ഹരിഹരന് പറയുന്നു. കോളെജ് ക്യാംപസിന്റെ കഥ പറയുന്ന നിരവധി സിനികള്‍ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ പൂമരം വ്യത്യസ്തമായ അനുഭൂതി പകരുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.
അനായാസമായ അഭിനയത്തിലൂടെ കാളിദാസ് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്ന് ഹരിഹരന്‍ പറയുന്നു. ഒപ്പം ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായ ഐറിനെ അവതരിപ്പിച്ച നീതയേയും ഹരിഹരന്‍ അഭിനന്ദിക്കുന്നുണ്ട്. ‘തന്റെ മുന്നില്‍ ഒരു ക്യാമറ ചലിക്കുന്നുണ്ടെന്ന വിവരം അവള്‍ അറിയുന്നതേയില്ല‘ എന്നാണ് ഹരിഹരന്‍ നീതയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ ഭാവനകളും കഠിനധ്വാനവും അഭിനന്ദിച്ചേ മതിയാകുവെന്ന് ഹരിഹരന്‍ പറഞ്ഞു. നല്ല കവിതകള്‍കൊണ്ടും സംഗീതം കൊണ്ടും സമ്പന്നമാണ് പൂമരം. നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ഈ ചിത്രം കണ്ടേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.