കവിതാ മോഷണ വിവാദത്തിൽ തൃശൂർ കേരള വർമ കോളേജിലെ മലയാള വിഭാഗം അധ്യാപികയായ ദീപാ നിശാന്തിനെതിരെ കോളജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറി.
21ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് വരും. തുടര്‍ നടപടികള്‍ അന്ന് സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി വിഎ ഷീജ വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴിലാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജ്.
കവിത മോഷണ വിവാദം കോളേജിൻറെ അന്തസിനെ ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദീപാ നിശാന്തിനെതിരെ നടപടിക്ക് കളമൊരുങ്ങുന്നത്.
കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍, ദീപാ നിശാന്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കെപിസിടിഎ ദീപാ നിശാന്തിനോട് വിശദീകരണം ചോദിക്കണമെന്ന് ആവശ്യപ്പെട്ടതും, കോളേജ് യൂണിയൻറെ ഫൈനാര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് ഇവരെ നീക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം അധ്യാപകര്‍ രംഗത്തു വന്നതും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.