പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മലയാള സിനിമതാരങ്ങളെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കളെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു. ”ചാണകത്തില്‍ ചവിട്ടില്ല” എന്നാണ് ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ചിത്രത്തോടൊപ്പമാണ് സംവിധായകന്റെ പോസ്റ്റ്. ബിജെപി നേതാവായ സന്ദീപ് വാര്യർ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ റാലിയിൽ പ്രവർത്തിച്ച സിനിമാ പ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരുന്നു.
സിനിമാക്കാര്‍ക്ക് രാജ്യസ്‌നേഹമില്ലെന്നും ഇവരുടെ ദേശസ്‌നേഹം കാപട്യമാണെന്നുമാണ് കുമ്മനം പറഞ്ഞത്. നികുതി അടക്കുന്ന കാര്യത്തില്‍ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ടെന്നും നികുതി അടച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും അല്ലെങ്കില്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ കയറി ഇറങ്ങും എന്നായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി. പിന്നാലെ, കുമ്മനം രാജശേഖരനും പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ആഷിഖ് അബുവിന്റെ കുറിപ്പ്.