ബിനാലെ വേദിയില്‍ തത്സമയ രേഖാചിത്രരചനയുമായി ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റ് ഡാനിയേലെ ഗാലിയാനോ

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (15:42 IST)
കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ  ആസ്പിന്‍വാള്‍ഹൌസില്‍ മീഡിയാ സെന്ററിനു സമീപമുള്ള പറങ്കിമാവിന്‍ ചുവട്ടില്‍ എപ്പോഴും ആള്‍ക്കൂട്ടം കാണാം. ഡാനിയേലെ ഗാലിയാനോ എന്ന ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റ് തത്സമയം നടത്തുന്ന രേഖാചിത്രരചന കാണുന്നതിനും മോഡലുകളാകാനുമുള്ള തിരക്കാണിവിടെ.
 
മുഖങ്ങള്‍ തേടിയുള്ള യാത്രയാണ് ഇറ്റലിയിലെ ടൂറിന്‍ സ്വദേശിയായ ഡാനിയേലെ ഗാലിയാനോയുടേത്. അജ്ഞാതരായ ഇന്ത്യന്‍ കലാകാരന്മാര്‍ വരച്ച ചിത്രങ്ങളുടെ മേല്‍ തന്റെ ക്യാന്‍വാസ് ഉപയോഗിച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയെന്നതാണ് ഡാനിയേലെ ചെയ്യുന്നത്. 108 ദിവസം നീണ്ടു നില്‍ക്കുന്ന ബിനാലെയില്‍ 108 പെയിന്റിംഗുകളാണ് അദ്ദേഹം പരിഷ്‌കരണ സൃഷ്‌ടി നടത്തുന്നത്.
 
ഈ പ്രക്രിയയ്ക്കു വേണ്ടിയാണ് അദ്ദേഹം മുഖങ്ങള്‍ തിരയുന്നത്. ഇതുവരെ മൂന്നു ഡസനിലധികം ചിത്രങ്ങള്‍ അദ്ദേഹം വരച്ചു കഴിഞ്ഞു. ബിനാലെ ട്രസ്റ്റ് അംഗവും ചിത്രകാരനുമായ ബോണി  തോമസിന്റേത് ഉള്‍പ്പെടെയുള്ള രേഖാചിത്രങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.
 
ദിവസങ്ങള്‍ തോറും പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്ന സൃഷ്ടികളാകും ബിനാലെ മൂന്നാം ലക്കത്തിലേതെന്ന് ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞിട്ടുണ്ട്. ഇതിനോട് അടുത്തു നില്‍ക്കുന്നതാണ് തന്റെ സൃഷ്ടികളെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ പോലെ തന്നെ തുറന്ന പ്രകൃതക്കാരാണ് കേരളീയരെന്ന് ഡാനിയേലെ പറഞ്ഞു. മുഖങ്ങളും വ്യത്യസ്തമാണ്. അതിനാല്‍ തന്നെ രേഖാചിത്രം തയ്യാറാക്കുമ്പോള്‍ പുതുമയും ഉന്മേഷവും അനുഭവപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
കേരളത്തിലെ വസ്ത്രധാരണ രീതികളിലെ വൈവിദ്ധ്യവും അദ്ദേഹത്തിന്റെ വരകളില്‍ പ്രകടമാണ്. സാരിയുടുത്തതും തട്ടമിട്ടതും ജീന്‍സും ടോപ്പും തുടങ്ങി മലയാളി സ്ത്രീകളുടെ എല്ലാ അവസ്ഥാന്തരങ്ങളും അദ്ദേഹം രചനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാരില്‍ മീശ, താടി, ന്യൂജെന്‍ ലുക്ക്, പിന്നെ കൊച്ചിയിലെ ഗുജറാത്തി, പഞ്ചാബി സംസ്‌കാരങ്ങള്‍, എല്ലാം തന്നെ ഡാനിയേലിന്റെ ബുക്കില്‍ ഇടം പിടിച്ചു കഴിഞ്ഞു.
 
ഏതാണ്ട് ഒരു മാസത്തിലധികം കൊച്ചിയില്‍ താമസിച്ച് സൃഷ്ടികള്‍ നടത്താനാണ് ഡാനിയേലെയുടെ പദ്ധതി. അപ്പോഴേക്കും 108 സൃഷ്ടികള്‍ പൂര്‍ത്തിയാക്കുകയും വേണം. അതിനായി മുഖങ്ങളും പശ്ചാത്തലവും അന്വേഷിച്ചുള്ള യാത്രയിലാണ് ഈ അറുപത്തിയഞ്ചുകാരന്‍.
Next Article