സ്റ്റീവ് ജോബ്സ് പിതാവിനെ കണ്ടുമുട്ടിയ കഥ!

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2011 (16:38 IST)
PRO
PRO
അപ്പിള്‍ സ്ഥാപകനും മുന്‍ സി ഇ ഒയുമായ സ്റ്റീവ് ജോബ്സ് തന്റെ പിതാവിനെ കണ്ടുമുട്ടിയ സംഭവം അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ വാള്‍ട്ടര്‍ ഐസക്സണിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ജോബ്സുമായി നടത്തിയ ഒരഭിമുഖത്തിന്റെ ഓഡിയോ റെക്കോര്‍ഡിംഗില്‍ ആണ് ഇക്കാര്യമുള്ളത്.

തനിക്ക് ജന്മം നല്‍കിയ പിതാവിനെയേയും പെറ്റമ്മയേയും ജോബ്സ് ഏറെ തിരഞ്ഞാണ് കണ്ടുപിടിച്ചത്, രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ആയിരുന്നു അവര്‍. എണ്‍പതുകളുടെ മധ്യത്തില്‍ ആയിരുന്നു അമ്മയെ കണ്ടെത്തിയത്. ജോനെ സിം‌പ്സണ്‍ എന്നാണ് അമ്മയുടെ പേര്. കുഞ്ഞായിരിക്കുമ്പോള്‍ ജോബ്സിനെ അവര്‍ ദത്ത് നല്‍കുകയായിരുന്നു. ജോബ്സിന് ഒരു സഹോദരിയുണ്ടെന്ന് അമ്മ വെളിപ്പെടുത്തുകയും ചെയ്തു. മോനാ സിം‌പ്സണ്‍ എന്ന് പേരുള്ള സഹോദരിയോടുള്ള സ്നേഹം ജോബ്സ് മരണം വരേയും തുടര്‍ന്നു.

സിറിയന്‍-അമേരിക്കനായ അബ്ദുള്‍ഫത്താ ജന്താലിയാണ് അദ്ദേഹത്തിന്റെ പിതാവ്. സഹോദരിയേയും അമ്മയേയും ഉപേക്ഷിച്ച് പോയ പിതാവിനോട് ജോബ്സിന് വെറുപ്പായിരുന്നു. പിതാവിനേക്കുറിച്ചുള്ള വിവരങ്ങള്‍ സഹോദരിയില്‍ നിന്നാണ് അദ്ദേഹം അറിഞ്ഞത്. തന്നേക്കുറിച്ച് പിതാവിനോട് ഒരിക്കലും പറയരുതെന്ന് ജോബ്സ് ആവശ്യപ്പെടുകയും ചെയ്തു.

പക്ഷേ ഇവിടെയാണ് കഥ മാറുന്നത്. പിതാവും താനും നേരില്‍ കണ്ടിട്ടുണ്ടെന്ന് ജോബ്സ് മനസ്സിലാക്കിയ നിമിഷം. സിലിക്കണ്‍ വാലിയില്‍ താന്‍ നടത്തുന്ന റെസ്റ്റോറന്റില്‍ നിരവധി പ്രമുഖര്‍ വരാറുണ്ടെന്നും അതിലൊരാള്‍ ആപ്പില്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് ആണെന്നും അദ്ദേഹത്തിന്റെ പിതാവ് സഹോദരിയോട് പറയുകയുണ്ടായി. സഹോദരിയില്‍ നിന്ന് ഇക്കാര്യം അറിഞ്ഞപ്പോള്‍ ജോബ്സ് ഞെട്ടലോടെ ഓര്‍ത്തു- റെസ്റ്റോറന്റില്‍ വച്ച് ഒരിക്കല്‍ തന്റെ കൈപിടിച്ച് കുലുക്കിയ സിറിയക്കാരന്‍ തന്റെ പിതാവായിരുന്നു എന്ന കാര്യം.

എന്നാല്‍ പിന്നീട് ആ പിതാവും മകനും സംസാരിച്ചിട്ടേയില്ല. വിവരസാങ്കേതിക ലോകത്ത് മഹാവിപ്ലവം തീര്‍ത്ത ജോബ്സ് തന്റ് മകനാണെന്ന് ആ പിതാവ് 2006-ല്‍ മാത്രമാണ് അറിഞ്ഞത്.