വിവാഹ കാര്യത്തില്‍ പഴഞ്ചന്‍ ആചാരങ്ങളോട് ഇന്ത്യന്‍ യുവത്വം ഗുഡ്ബൈ പറയുകയാണ്. ജീവിത പങ്കാളിയെ നെറ്റിലൂടെ ബന്ധപ്പെടുത്തുന്ന മാട്രിമോണിയല്‍ സൈറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഇന്ത്യന്‍ യുവത്വം പഴമ നിലനിര്‍ത്തിവരുന്ന പല പാരമ്പര്യങ്ങള്‍ക്കു നേരെ മുഖം തിരിച്ചു തുടങ്ങിയിരിക്കുന്നത്.
ഇഷ്ടപ്പെട്ട പങ്കാളികള്‍ക്കായി ഇന്ത്യന്‍ യുവാക്കളും യുവതികളും മാട്രിമോണിയല്‍ സൈറ്റുകളിലേക്ക് പ്രവേശിക്കുന്ന പ്രവണത വര്‍ദ്ധിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് അടിസ്ഥാനം. ഈ വര്‍ഷം മാട്രിമോണിയല്‍ സൈറ്റുകള്‍ സന്ദര്‍ശിച്ച ഇന്ത്യാക്കാരുടെ എണ്ണം ഏഴു ദശലക്ഷമായതായും ബിസിനസ് വര്‍ദ്ധിച്ചതായും മാട്രിമോണിയല്‍ കണക്കുകള്‍ പറയുന്നു.
ഒരേ മാനസീക നിലയിലുള്ളവര്‍ പരസ്പരം ബന്ധിക്കുന്നു എന്നതാണ് വിവാഹം. ഇക്കാര്യത്തില്‍ തങ്ങള്‍ സഹായിക്കുന്നെന്നേയുള്ളെന്നാണ് പ്രമുഖ മാട്രിമോണിയല്‍ വെബ്സൈറ്റുകളുടെ അഭിപ്രായം. പ്രൊഫഷന്‍, സമൂഹം, സ്വഭാവം എന്നിവയ്ക്കെല്ലാം സ്വന്തമായി മാട്രിമോണിയല്‍ സൈറ്റുകള്‍ ഉണ്ടെന്നതാണ് പ്രത്യേകത.
ഏറ്റവും സമയകുറവുള്ള ഇന്ത്യയിലെ ബി പി ഓ പ്രൊഫഷനില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പരസ്പരം ബന്ധിപ്പിക്കുകയാണ് ബി പി ഒ ശാദി ഡോട്ട് കോം ചെയ്യുന്നത്. സെക്കന്‍ഡ് ശാദി ഡോട്ട് കോമാകട്ടെ രണ്ടാം വിവാഹക്കാര്‍ക്കായുള്ള സൈറ്റാണ്. തേര്‍ഡ് പ്ലസ് ശാദി ഡോട്ട് കോം വിവാഹം താമസിച്ചവരെ കല്യാണം കഴിപ്പിക്കാന്‍ സഹായിക്കുന്നു.
മറുനാടന്‍ ഇന്ത്യാക്കാരെ തമ്മില്‍ ഒന്നിപ്പിക്കുന്നതില്‍ ദേശി മാച്ച് ഡോട്ട് കോം ശ്രദ്ധിക്കുമ്പോള്‍ ജാതകപ്പൊരുത്തത്തില്‍ കടുത്ത വിശ്വാസമുള്ള ആണിനെയും പെണ്ണിനെയും തമ്മിലാണ് മാംഗ്ലിക്‍സ് ഡോട്ട് കോം ലക്‍ഷ്യമിടുന്നത്. എച്ച് ഐ വി പോസിറ്റീവായവരെ തമ്മില്‍ ബന്ധിപ്പിക്കാനും സൈറ്റുണ്ട്. പോസിറ്റീവ് ശാദി ഡോട്ട് കോമാണ് ഇങ്ങനെ ഒരാശയത്തില്‍ പ്രവര്‍ത്തിക്കുന്നത്.
സ്ത്രീധനം ആവശ്യമില്ല എന്ന പുരോഗമന വാദികള്‍ക്കാണ് ‘ഐ ഡോണ്ട് വാണ്ട് ഡൌറി’ വെബ്സൈറ്റ്. വിവഹ കമ്പോളത്തില്‍ ആധുനികതയുടെ മുഖമായ വെബ്സൈറ്റുകള്‍ പെരുകുന്നതിന് അനുസരിച്ച് വിവാഹ തട്ടിപ്പുകളും പെരുകുന്നുണ്ട്. യു കെയിലെ എഞ്ചിനീയര്‍ ചമഞ്ഞ് അമ്പതു പെണ്‍കുട്ടികളുമായി വിവാഹാലോചന നടത്തിയ ഒരാള്‍ പൊലീസ് പിടിയിലായത് അടുത്ത കാലത്തായിരുന്നു. എന്നാല്‍ ഇതൊന്നും യുവതയെ സൈറ്റില്‍ നിന്നും പിന്നോട്ടാക്കുന്നില്ല.