അമേരിക്കയില്‍ നെറ്റ് ഇഴയുന്നു

Webdunia
FILEFILE
വിവരസാങ്കേതിക വിദ്യയില്‍ അമേരിക്ക മുന്നിലായിരിക്കാം. എന്നാല്‍ വിവര സാങ്കേതിക വ്യവസായത്തിന്‍റെ രക്തധമനിയായി കരുതുന്ന ഇന്‍റര്‍നെറ്റിന്‍റെ കാര്യക്ഷമതയില്‍ പല വ്യാവസായിക രാജ്യങ്ങളെയുംകാള്‍ ഏറെ പിന്നിലാണ് അമേരിക്ക എന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വാഷിങ്‌ടണ്‍ ആസ്ഥാനമായ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴസ് ഓഫ് അമേരിക്ക എന്ന് സംഘടനയാണ് ഈ വിവരങ്ങള്‍ക്കാധാരമായ പഠനം സംഘടിപ്പിച്ചത്. ബ്രോഡ് ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ അമേരിക്കയിലെ സ്ഥിതി മറ്റ് പല രാജ്യങ്ങളുമായി താരതമ്യപെടുത്തുമ്പോള്‍ പരിതാപകരമാണെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അമേരിക്കയിലെ ഇന്‍റര്‍നെറ്റ് വേഗത സംബന്ധിച്ച് നിലപാടുകള്‍ പുനര്‍ നിര്‍വചിക്കാന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനെ പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് പഠനം നടത്തിയത്. അമേരിക്കയിലെ ശരാശരി ഇന്‍റര്‍നെറ്റ് വേഗത ഒരു സെക്കന്‍ഡില്‍ 1.97 എം ബിയാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

5.01 എം പി എസ് ഇന്‍റര്‍നെറ്റ് വേഗതയുള്ള റോഡ് ഐലന്‍ഡാണ് ഇക്കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്.ന്യൂ ജേഴസിയും,ന്യുയോര്‍ക്കും തൊട്ട് പിന്നിലുണ്ട്. അതേ സമയം ഐയോവാ സംസ്ഥാനമാണ് ഇക്കാര്യത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്നത്. റോഡ് ഐലന്‍ഡില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വിവരങ്ങള്‍ ഇതിന്‍റെ അഞ്ചിരട്ടി സമയമെടുത്ത് മാത്രമേ ഐയോവയില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു.

ഇവിടത്തെ ഇന്‍റര്‍നെറ്റ് വേഗത 1.2 എം പി എസ് മാത്രമാണ്.വെസ്റ്റ്വിര്‍ജീനിയ,അലാസ്ക്ക,വ്യോമിങ്ങ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ പ്രശ്നം രൂക്ഷമാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ അവസ്ഥ കൂടുതല്‍ വ്യക്തമാകുമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.ജപ്പാനില്‍ 661 എം പി എസ്സാണ് ശരാശരി ഇന്‍റര്‍നെറ്റ് വേഗത,ദക്ഷിണ കൊറിയയില്‍ ഇത് 45 എം പി എസും,ഫ്രാന്‍സില്‍ 17 എം പി എസും,കാനഡയില്‍ എം പി എസ്സുമാണ്.