രാജയോഗം

Webdunia
P.S. AbhayanWD
കുഞ്ഞനുറുമ്പിന് ഒരു സമാധാനവുമില്ല. മകള്‍ മാളു പ്രായമായി പുര നിറഞ്ഞ് നില്‍ക്കുന്നു. എല്ലാം തികഞ്ഞ മിടുമിടുക്കന്‍ ഉറുമ്പിനെ മകള്‍ക്കായി എവിടെയെല്ലാം തിരഞ്ഞു. അവളുടെ പ്രായമുള്ള ഉറുമ്പിന്‍ കുഞ്ഞുങ്ങളൊക്കെ വിവാഹിതരായി കുഞ്ഞുങ്ങളുമൊത്ത് സസുഖം കഴിയുന്നു.

മാളുവിനാകട്ടെ പഴയ മിണ്ടാട്ടവുമില്ല. അവളുടെ പ്രസരിപ്പും കളിയും ചിരിയുമൊക്കെ എങ്ങോ പോയി മറഞ്ഞു. അവിവാഹിതയായി നില്‍ക്കുന്ന മകളുടെ വേദന കുഞ്ഞനു മനസിലാവുന്നുണ്ട്. ഒക്കെ ആലോചിച്ച് കിടന്നിട്ട് ഉറക്കവുമില്ല. എല്ലാം ശരിയാവുമെന്ന് ഭാര്യ കാലിയ ആശ്വസിപ്പിക്കും. നാളും പൊരുത്തവുമൊക്കെ ചേര്‍ന്ന ധീരന്മാരായ കുറെ ഉറുമ്പു യുവാക്കള്‍ മകളെ കാണാന്‍ വന്നതാണ്. നിറമില്ല, പൊക്കമില്ല, ആണത്തമില്ല, സ്ഥിര ജോലിയില്ല എന്നൊക്കെ മാളു കുറവുകള്‍ കണ്ടെത്തി. അവള്‍ക്കു പിടിച്ച കട്ടുറുമ്പ് പയ്യന്‍ മിടുക്കനായിരുന്നു. വൈകുന്നേരം കൂട്ടുകാരുമായി ചെറിയ കളം വയ്ക്കുമെന്ന കുഴപ്പമേ ഉള്ളൂ. ഇന്നത്തെ കാലത്ത് മദ്യപിക്കാത്ത ഉറുമ്പുകളുണ്ടോ? പക്ഷെ അവന്‍റെ അപ്പന്‍ താലന്‍ ചോദിച്ച സ്ത്രീധനം കൊടുക്കാനുള്ള പാങ്ങ് കുഞ്ഞനില്ലായിരുന്നു. ഇനിയിപ്പോ ഒന്നും നോക്കാനില്ല. ഗ്രഹനില ശരിയാവുന്നതും നോക്കിയിരുന്നാല്‍ പെണ്ണ് വേലി ചാടി പോയെന്നു വരും. ചെറുക്കന് നല്ല പണി വേണമെന്നും ഇനി ശാഠ്യമില്ല. പണി കല്യാണം കഴിഞ്ഞാണേലും കിട്ടുമല്ലോ.

കാലിയ ഭര്‍ത്താവിന്‍റെ കാല്‍ തടവി ഇരിക്കുകയായിരുന്നു. അതിനിടെയാണ് ഭൂമി പിളരുന്ന ശബ്ദം. കുഞ്ഞന്‍റെ കാല്‍ തള്ളി മാറ്റി കാലിയ കട്ടിലിനടിയിലേയ്ക്ക് ഓടിക്കയറി. ഭാര്യയുടെ കുണ്ടി കുലുക്കിയുള്ള ഓട്ടം കണ്ട് കുഞ്ഞനു ചിരി വന്നു. '' എന്‍റെ മുത്തേ, നീയിങ്ങു വാ... മുതലാളിയുടെ കൊച്ചുമക്കള്‍ അവധിക്കാലം കൊഴുപ്പിക്കാന്‍ എത്തിയിട്ടുണ്ട്. ഇനി കുറച്ചു കാലം നോക്കീം കണ്ടു മൊക്കെ വേണം വീടിനു പുറത്തിറങ്ങാന്‍"".
'' നിങ്ങള്‍ തോന്ന്യാസം പറയാതെ...അവരൊക്കെ നല്ല പിള്ളേരാ... പട്ടണത്തില്‍ പഠിച്ചുവെന്നു വച്ച് അവരൊന്നും പിഴച്ചു പോവത്തില്ല... നമ്മളോടൊക്കെ ഇപ്പോഴും നല്ല ബഹുമാനമാ...""

താന്‍ പറഞ്ഞത് ഭാര്യ തെറ്റിദ്ധരിച്ചെന്ന് കുഞ്ഞന് മനസിലായി.
'' എടീ, അവര്‍ നിന്നെ കേറി പിടിക്കുമെന്നല്ല ഞാന്‍ പറഞ്ഞത്...പിള്ളേരുടെ കൈയില്‍ നിന്ന് വീഴുന്ന ബിസ്കറ്റിന്‍റെ തരി പെറുക്കാന്‍ പോയി നടുവിന് ചവിട്ടു മേടിക്കരുതെന്നാ ഞാന്‍ ഉദ്ദേശിച്ചത്..."" ഭര്‍ത്താവിന്‍റെ മറുപടി കേട്ട് കാലിയ ചൂളി. വെറുതെ വേണ്ടാത്തത് ഓര്‍ത്തെന്നല്ലേ കുഞ്ഞന്‍ കരുതൂ...പുറത്ത് യുദ്ധം നടക്കുകയാണോ? ഈ പിള്ളേര്‍ക്ക് ഉറക്കോമില്ലേ. എല്ലാത്തിനേം മയക്കു വെടി വച്ച് ഉറക്കണം. മകള്‍ പ്രായമായി നിക്കുകയാ. അതിനിടെ ഇങ്ങനെ കൂടി മനസമാധാനമില്ലാതെ വന്നാല്‍. പരിഭവം പറഞ്ഞ് കാലിയ ഭര്‍ത്താവിന്‍റെ മാറില്‍ തല ചായ്ച്ചു.

P.S. AbhayanWD
നേരം പുലര്‍ന്നു. ബംഗ്ളാവിന്‍റെ പാചകശാലയോടു ചേര്‍ന്ന് പടുകൂറ്റന്‍ തൂണിന്‍റെ ചെറിയ വിള്ളലിലൂടെ കുഞ്ഞന്‍ നൂഴ്ന്ന് പുറത്തിറങ്ങി. പാചകശാലയില്‍ ഇന്നു കാര്യമായെന്തെങ്കിലും കാണും. പിള്ളേര്‍ വന്നതിനാല്‍ തങ്ങള്‍ ക്കും കുശാലായി. മനമൊന്നു കുളിര്‍ത്തു. രാത്രി ഭാര്യയുമായി കട്ടിലില്‍ കിടന്നുരുണ്ടതിന്‍റെ ക്ഷീണത്തിലായിരുന്നു കുഞ്ഞന്‍. എന്നിട്ടും വാഷ് ബേസിനു സമീപത്തേക്ക് ആഞ്ഞു നടന്നു.

കഴുകാന്‍ വച്ചിരിക്കുന്ന പാത്രങ്ങളില്‍ കുഞ്ഞന്‍ ഓടി നടന്ന് അര്‍മാദിച്ചു. അതിനിടെ കുഞ്ഞന്‍ ആ കാഴ്ച കണ്ടു. ജാം കുപ്പിയുടെ അടപ്പിനുമേല്‍ എല്ലാം തികഞ്ഞ ഒരു യുവകോമളന്‍ നെഞ്ചു വിരിച്ചു നടക്കുന്നു. കട്ടുറുമ്പായതിന്‍റെ ഒരു നെഗളിപ്പ് അവനുണ്ട്. കുപ്പിയുടെ വായിലൂടെ കടന്ന അവന്‍ എടുത്താല്‍ പൊങ്ങാത്ത ജാമുമായാണ് തിരികെ വന്നത്. അധ്വാനിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നല്ല പണിക്കാരന്‍. മകള്‍ക്ക് എന്തു കൊണ്ടും ചേരും. നെഞ്ചു വിരിവിന്‍റെ കാര്യത്തില്‍ മാളുവും മോശമല്ല. ഒന്നു മുട്ടി നോക്കാം.

കുഞ്ഞന്‍ അടുത്തു ചെന്നിട്ടും അവനു കൂസലില്ല. അഹങ്കാരി! മാനം പോയാലെന്താ മകള്‍ക്ക് വരനെ കിട്ടുമല്ലോ എന്നോര്‍ത്തപ്പോള്‍ കുഞ്ഞന്‍റെ അഭിമാന ബോധം പൊയ്പ്പോയി. ''ഹേ, യുവാവേ, താങ്കള്‍ സ്വയം പരിചയപ്പെടുത്തിയാട്ടെ''.
"" കിളവാ തനിക്ക് വേറെ പണിയൊന്നുമില്ലേ? മെനക്കെടുത്താതെ പോ. എന്‍റെ കൈ മേടിക്കും''
ഇവനെന്താ ഇങ്ങനെ? ഇവനുമായി മാളു ചേരുമോ? അവസാന ശ്രമം എന്ന നിലയില്‍ കാര്യം നേരെ പറയാന്‍ കുഞ്ഞന്‍ തീരുമാനിച്ചു.
"" എനിക്ക് വിവാഹപ്രായം തികഞ്ഞ ഒരു മോളുണ്ട്. താങ്കള്‍ അവിവാഹിതനെങ്കില്‍...എനിക്കു താങ്കളെ നന്നായി പിടിച്ചു.''
പെണ്ണുകെട്ട്, ആദ്യരാത്രി, പാല്‍, പഴം എന്നൊക്കെ ഓര്‍ത്തപ്പോള്‍ കട്ടുറുമ്പിന് കുളിരുകോരി.

" ക്ഷമിക്കൂ, അച്ഛാ, എന്‍റെ പേര് ചാണ്ടി. ബംഗ്ളാവിലെ കുളിമുറിയുടെ സമീപമാണ് താമസം. ബിസിനസുകാരനാണ് . അച്ഛനും അമ്മയും ഒരപകടത്തില്‍ മരിച്ചു. ബന്ധുക്കളെന്നു പറയാന്‍ ആരുമില്ല...''
" അതേതായാലും നന്നായി. മോന് ഞങ്ങളൊക്കെയില്ലേ...വിഷമിക്കാതെ...''
കുഞ്ഞന്‍ അവന്‍റെ മൂര്‍ധാവില്‍ ചുംബിച്ചു.

പെണ്ണുകാണാന്‍ ചാണ്ടി കൂട്ടുകാരനേം കൂട്ടിയാണ് ചെന്നത്. രാജകീയ സ്വീകരണം തന്നെ അവര്‍ക്കു ലഭിച്ചു. അടുത്ത ബന്ധുക്കളെയൊക്കെ കുഞ്ഞന്‍ ക്ഷണിച്ചിരുന്നു. ഒഴിവു ദിവസമായതിനാല്‍ മിക്കവരും എത്തുകയും ചെയ്തു. മാളു കാപ്പിയും ബിസ്കറ്റ് പൊടിയുമായി വന്നു. അവരുടെ കണ്ണുകള്‍ ഇടഞ്ഞു. മാളുവിനെ ചാണ്ടി ശ്വാസം പിടിച്ച് നോക്കിയിരുന്നു. " ഇപ്പഴത്തെ കാലമല്ലേ. പിള്ളേര്‍ക്ക് എന്തെങ്കിലും നോക്കാനും പിടിക്കാനും ഉണ്ടെങ്കില്‍... നമ്മളായിട്ട് എന്തിനാ...ചാണ്ടീടെ കൂട്ടുകാരാ നമുക്കൊന്ന് ഉലാത്താം...''

" പിന്നെന്താ മാളൂന്‍റെ അച്ഛാ...മാളുവിന് അനിയത്തിമാര്‍ ആരുമില്ലേ?'' കൂട്ടുകാരന് ആകാംക്ഷ.
" പിന്നെ ഒന്നിനും സമയം കിട്ടിയില്ല...തിരക്കായി പോയില്ലേ മോനേ...''
" കഷ്ടമായിപ്പോയി...''
" അതെന്താ?''
" അതല്ലാ...മാളു പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഒറ്റയ്ക്കാവുമല്ലോ എന്നോര്‍ത്തപ്പോള്‍...''
" അതിനെന്താ മോന്‍ ഈ വഴിയൊക്കെ വരണം...''
' പിന്നേ എന്‍റെ പട്ടി വരും" എന്നു മനസ്സില്‍ പറഞ്ഞ് അവന്‍ ചിരിച്ചു.

P.S. AbhayanWD
അകത്തു പോയവര്‍ എന്തോ കാണിക്കുകയാ... കുറേ നേരമായല്ലോ? കുഞ്ഞന് നേര്‍ത്ത പരിഭ്രമം. ആരേം വിശ്വസിക്കാന്‍ പറ്റാത്ത കാലമാ...ചെറുക്കന്‍ വല്ല വേണ്ടാതീനോം കാണിച്ചാല്‍...

" എടീ, കാലിയേ, അവരെ ഇങ്ങു വിളിച്ചേ...മതിയെന്നു പറ...''

ചാണ്ടി നിറഞ്ഞ ചിരിയോടെ മുറിക്കു പുറത്തിറങ്ങി. മാളുവിന്‍റെ കരിമഷി ചാണ്ടിയുടെ കവിളില്‍ പടര്‍ന്നിട്ടുണ്ട്. തൊഴിച്ച് അവന്‍റെ കിഡ്നി തെറുപ്പിക്കുകയാ വേണ്ടത്. മുഖമൊക്കെയൊന്ന് തുടച്ചിട്ടു വേണ്ടേ എല്ലാവരുടേം മുന്നില്‍ വരാന്‍...കുഞ്ഞന്‍ ഇത്തിരി അനിഷ്ടത്തോടെ അവരെ നോക്കി. ബന്ധുക്കളും കൂട്ടുകാരുമൊമൊക്കെ അറിഞ്ഞാല്‍ മോശമല്ലേ.

കുഞ്ഞന്‍ കൂട്ടുകാരനെ പാളി നോക്കി. മാളുവിന്‍റെ മാറത്താ അവന്‍റെ കണ്ണ്. ബെസ്റ്റ് കൂട്ടുകാരന്‍. പെണ്ണിനും ചെറുക്കനും നന്നായി പിടിച്ച സ്ഥിതിക്ക് ഇനി വച്ചു നീട്ടുന്നതില്‍ കാര്യമില്ലല്ലോ. ഇത്ര പേര്‍ വന്നു പോയി. ഇതായിരിക്കും നടക്കാനുള്ളത്. ചാണ്ടിക്ക് ബന്ധുക്കളായി ആരുമില്ല. അതിനാല്‍ കല്യാണ തീയതി നിശ്ചയിച്ചേക്കാമെന്നും തീരുമാനമായി. പുറത്ത് കുട്ടികള്‍ പടക്കം പൊട്ടിച്ചു രസിക്കുന്നു.

മാളുവും ചാണ്ടിയും കണ്ണില്‍ കണ്ണില്‍ നോക്കി കളി തുടര്‍ന്നു. കാലിയായ്ക്ക് സന്തോഷമായി. കുഞ്ഞനെ പോലെ കിഴങ്ങേശ്വരനല്ല.... ചാണ്ടി റൊമാന്‍റിക്കാ... മോളേതായാലും ഭാഗ്യവതി തന്നെ... കാലിയ അടുക്കളയിലേയ്ക്ക് പോയി.

തീയതി തീരുമാനിച്ചു. സ്ത്രീധനമായി കൊടുക്കാനുള്ള തുകയെ സംബന്ധിച്ചും തര്‍ക്കമൊന്നുമില്ല. തെണ്ടിത്തിരിഞ്ഞു നടന്ന ചാണ്ടിക്ക് കൊള്ളാവുന്ന മൊതലല്ലേ കിട്ടിയത്. കൂട്ടുകാരന് അതൊന്നും അത്ര പിടിച്ചില്ല.

ചാണ്ടിയും കൂട്ടുകാരനും എല്ലാവരോടും യാത്ര പറഞ്ഞു. വാതിലിനു മറഞ്ഞു നില്‍ക്കുന്ന മാളുവിന് ചെറുമുത്തം നല്‍കാന്‍ ചാണ്ടി പതുക്കെ അടുത്തേയ്ക്കു നീങ്ങി. ആ നിമിഷത്തിനായി അവളും തയറായി നിന്നു. മാറിടം ഉയര്‍ന്നു താണു.

ചാണ്ടീ, വേഗം പോവണ്ടേ... എന്നൊരു ചോദ്യം കൂട്ടുകാരന്‍റെ വക. എല്ലാവരുടേയും നോട്ടം അങ്ങോട്ടായി. ചാണ്ടിയുടെ നീക്കം പാളി. ചുടുചുംബനത്തിന് ദാഹിച്ചു നിന്ന മാളു കൂട്ടുകാരനെ ദഹിപ്പിക്കുന്ന മട്ടില്‍ ഒന്നു നോക്കി.

കൂട്ടുകാരാ...നിനക്കു ഞാന്‍ പണി തരും എന്നു മനസില്‍ പറഞ്ഞ് ചാണ്ടി തിരിഞ്ഞു നടന്നു. കുഞ്ഞന്‍റെ വീടിനു പുറത്തിറങ്ങിയ ചാണ്ടിയെ സ്വീകരിക്കാന്‍ മരണം ഒരുങ്ങി നില്‍ക്കുകയായിരുന്നുവെന്ന് ആരും കരുതിയില്ല. കുട്ടികളാരോ കത്തിച്ചു വിട്ട കുടച്ചക്രം പാവം ചാണ്ടിയെ പരലോകത്തെയ്ക്ക് പറഞ്ഞയച്ചു.