യമഹയുടെ കമ്യൂട്ടർ മോട്ടോർസൈക്കിൾ 'സല്യൂട്ടോ ആര്‍ എക്‌സ് ' വിപണിയില്‍

Webdunia
ശനി, 16 ഏപ്രില്‍ 2016 (15:39 IST)
എൻട്രി ലവൽ വിഭാഗത്തിൽ ജാപ്പനീസ് നിർമാതാക്കളായ യമഹ മോട്ടോർ ഇന്ത്യയുടെ പുതിയ മോഡലായ ‘സല്യൂട്ടൊ ആർ എക്സ്’ വിൽപ്പനയ്ക്കെത്തി. ക്രക്‌സിന്റെയും വൈ ബി ആറിന്റെയും പകരക്കാരനാവാന്‍ നിയോഗിക്കപ്പെട്ട ബൈക്കിന് ഡല്‍ഹി എക്‌സ് ഷോറൂം വില 46,400 രൂപയാണ്. ഒപ്പം ടു സ്‌ട്രോക്ക് എന്‍ജിന്‍ അനുവദനീയമായിരുന്ന കാലത്ത് നിരത്തു വാണ ‘ആര്‍ എക്‌സ് 100’ ബൈക്കിലൂടെ പ്രചാരം നേടിയ ‘ആര്‍ എക്‌സ്’ എന്ന പേരിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള മടക്കം കൂടിയാണിത്.

സ്റ്റൈൽ സമ്പന്നമായ കമ്യൂട്ടർ മോട്ടോർസൈക്കിൾ ആഗ്രഹിക്കുന്നവരെയാണു ‘സല്യൂട്ടൊ ആർ എക്സി’ലൂടെ യമഹ നോട്ടമിടുന്നത്. ഇന്ത്യൻ യുവാക്കളുടെ മോഹങ്ങൾക്ക് യമഹ നൽകുന്ന പരിഗണനയുടെ പ്രതിഫലനമാണു പുതിയ ‘സല്യൂട്ടൊ ആർ എക്സ്’ എന്നു യമഹ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ മസാകി അസാനൊ അവകാശപ്പെട്ടു.

നിലവില്‍ നിരത്തിലുള്ള സല്യൂട്ടൊ 125 ബൈക്കിന്റെ രൂപകല്‍പ്പനയില്‍ തന്നെയാണ് സല്യൂട്ടൊ ആര്‍ എക്‌സിന്റെ വരവ്. ബൈക്കിലെ 110 സി സി, നാലു സ്‌ട്രോക്ക്, 2 വാല്‍വ്, എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 7,000 ആര്‍ പി എമ്മില്‍ 7.4 ബി എച്ച് പി വരെ കരുത്തും 4,500 ആര്‍ പി എമ്മില്‍ 8.5 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും.

ടെലിസ്കോപിക് മുൻ ഫോർക്ക്, പിന്നിൽ ഇരട്ട ഷോക് അബ്സോബർ, മുന്നിലും പിന്നിലും 130 എം എം ഡ്രം ബ്രേക്ക്, അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, അലോയ് വീൽ എന്നിവയാണു ‘സല്യൂട്ടൊ ആർ എക്സി’ൽ യമഹ ലഭ്യമാക്കുന്നത്. യമഹയുടെ ശേഷിയേറിയ ബൈക്കുകളിൽ കാണുന്ന ബ്ലൂ കോർ ടെക്നോളജിയുടെ പിൻബലവും എൻജിനുണ്ട്.

വാഹനഭാരം ഗണ്യമായി കുറയ്ക്കുംവിധമാണ് ബൈക്കിന്റെ എന്‍ജിന്‍, ഫ്രെയിം, വീല്‍ എന്നിവയുടെ രൂപകല്‍പ്പനയെന്നു യമഹ അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ബൈക്കിന്റെ മൊത്തം ഭാരം 82 കിലോഗ്രാമില്‍ ഒരുക്കാനും കമ്പനിക്കായി. മുമ്പ് എന്‍ട്രിലെവല്‍ വിഭാഗത്തില്‍ യമഹ അവതരിപ്പിച്ച ബൈക്കുകളുടെ ഭാരത്തെ അപേക്ഷിച്ച് 22 കിലോഗ്രാമോളം കുറവാണിത്. ഈ അനുകൂല സാഹചര്യത്തിന്റെ ഫലമായി ലീറ്ററിന് 82 കിലോമീറ്ററാണു ബൈക്കിനു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

വിപണിയിൽ ഹീറോ മോട്ടോ കോർപിന്റെ ‘സ്പ്ലെൻഡർ പ്രോ’, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ ‘ഡ്രീം’ ശ്രേണി, ടി വി എസ് മോട്ടോർ കമ്പനിയുടെ ‘വിക്ടർ’ തുടങ്ങിയവരാണ് ‘സല്യൂട്ടൊ ആർ എക്സി’ന്റെ പ്രധാന എതിരാളികൾ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം