സ്മാർട്ട് ഫോണുകൾ അരസികമായി തോന്നുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇതിനൊരു പരിഹാരമായി ഈ മാസം അവസാനത്തോടെ ലൈറ്റ് ഫോൺ എന്ന പേരില്‍ ആന്റി-സ്മാർട്ട്ഫോണുകൾ വിപണിയിലേക്കെത്തുന്നു. ഡിസംബറോടെയായിരിക്കും ഇവയുടെ വില്പന ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മേയിലാണ് ആദ്യമായി ലൈറ്റ് ഫോണുകൾ പുറത്തിറക്കിയത്. സ്മാർട്ട്ഫോണിന്റെ സാങ്കേതിക സവിശേഷതകള്‍ ഒന്നുമില്ലാതെ ഫോൺ വിളിക്കുകയെന്ന ലക്ഷ്യത്തിൽ മാത്രം എത്തിച്ചിരിക്കുന്ന ഈ ഫോണുകൾ നവംബർ 30 മുതലാണ് ചൈനയിലെ യന്തായ് ഫാക്ടറിയിൽ നിന്നു വിതരണം ആരംഭിക്കുക.
സ്മാർട്ട്ഫോണിന്റെ വിപരീത ലക്ഷ്യങ്ങളുമായി എത്തുന്ന ഈ ഫോണിന് ഒരു ക്രെഡിറ്റ് കാർഡിന്റെ കനം മാത്രമാണുള്ളത്. ഈ ഫോണ്‍ ഒരു തവണ ഫുൾ ചാർജ് ചെയ്താൽ മൂന്ന് ആഴ്ചയോളം ചാര്‍ജ് നിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഡോട്ട് മാട്രിക്സ് എൽഇഡി സ്ക്രീനാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 2ജി നാനോ സിം കാർഡ്,മൈക്രോഫോൺ, യുഎസ്ബി പോർട്ട് എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്. ക്യാമറാ സേവനം ഫോണില്‍ ലഭ്യമല്ല. ഏകദേശം 7000 രൂപയാണ് ഫോണിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.