കോംപാക്ട് എസ് യു വി ‘ക്രേറ്റ’യുടെ പ്രതിമാസ ഉൽപ്പാദനം 13,000 യൂണിറ്റായി ഉയർത്താനാനൊരുങ്ങി ഹ്യുണ്ടായ്

Webdunia
ബുധന്‍, 16 മാര്‍ച്ച് 2016 (13:09 IST)
നിരത്തിലെത്തിയതു മുതൽ തകർപ്പൻ വിൽപ്പന കൈവരിച്ചു മുന്നേറുകയാണു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ കോംപാക്ട് എസ് യു വി ‘ക്രേറ്റ’. ഇന്ത്യയിൽ മാത്രമല്ല, ‘ക്രേറ്റ’ വിൽപ്പനയ്ക്കെത്തിയ വിദേശ വിപണികളിലും ഉജ്വല വരവേൽപ്പാണു ഹ്യുണ്ടായിയുടെ ഈ കോംപാക്ട് എസ് യു വി സ്വന്തമാക്കിയത്.

ആവേശകരമായ സ്വീകരണം ലഭിച്ചതോടെ ലക്ഷത്തിലേറെ ബുക്കിങ്ങുകളാണ് ഇന്ത്യയിലും വിദേശത്തുമായി ‘ക്രേറ്റ’ വാരിക്കൂട്ടിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ വിൽപ്പനയ്ക്കെത്തിയ ‘ക്രേറ്റ’ ഇപ്പോൾ ഇന്ത്യയിൽ നിന്നു പല വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്.  ഇതിൽ 56,000 ‘ക്രേറ്റ’ മാത്രമാണു ഹ്യുണ്ടായിക്കു നിർമ്മിച്ചു നൽകാനായത്. ഈ സാഹചര്യത്തിൽ ‘ക്രേറ്റ’ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാനുള്ള തീരുമാനത്തിലാണ് എച്ച് എം ഐ എൽ.

എസ് യു വിക്കായുള്ള ആവശ്യം കുത്തനെ ഉയർന്നതോടെ പുതിയ ‘ക്രേറ്റ’യ്ക്കായി മൂന്നു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഈ സാഹചര്യം പരിഗണിച്ച് ജൂൺ മുതൽ ‘ക്രേറ്റ’യുടെ പ്രതിമാസ ഉൽപ്പാദനം 13,000 യൂണിറ്റായി ഉയർത്താനാണു ഹ്യുണ്ടായിയുടെ തീരുമാനം. ഇതിൽ 10,000 യൂണിറ്റ് ആഭ്യന്തര വിപണിയിലും ബാക്കിയുള്ളവ വിദേശ വിപണികളിലും വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ ഒരുങ്ങുന്നത്. ‘ക്രേറ്റ’ അരങ്ങേറ്റം കുറിച്ച ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം മികച്ച സ്വീകരണമാണു ലഭിച്ചത്. ‘ക്രേറ്റ’യ്ക്ക് 28,000 ബുക്കിങ്ങുകളും ഈ വിപണികളിൽ നിന്നു ലഭിച്ചു.  തുടക്കത്തിൽ പ്രതിമാസം 6,000 ‘ക്രേറ്റ’ വീതമാണു ഹ്യുണ്ടേയ് ഉൽപ്പാദിപ്പിച്ചിരുന്നത്. എന്നാൽ വിപണിയുടെ ആദ്യ പ്രതികരണം കണ്ടപ്പോൾതന്നെ ഉൽപ്പാദനം ഉയർത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ പ്രതിമാസം 10,000 യൂണിറ്റിനടുത്താണു ‘ക്രേറ്റ’യുടെ ഉൽപ്പാദനം.

ഏഴായിരത്തോളം ‘ക്രേറ്റ’ ആഭ്യന്തര വിപണിയിലാണ് വിൽപ്പനയ്ക്കെത്തുന്നത്. ബാക്കി കയറ്റുമതിക്കായും നീക്കിവച്ചിരിക്കുന്നു. ഡൽഹി ഷോറൂമിൽ 8.69 — 13.80 ലക്ഷം രൂപ വിലനിലവാരത്തിൽ വിൽപ്പനയ്ക്കെത്തുന്ന ‘ക്രേറ്റ’യിൽ മൂന്ന് എൻജിൻ സാധ്യതകളാണു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്: 1.6 ഗാമ ഡ്യുവൽ വി ടി വി ടി, 1.6 യു ടു സി ആർ ഡി ഐ വി ജി ടി, 1.4 യു ടു സി ആർ ഡി ഐ. ‘ക്രേറ്റ’യിൽ ‘1.6 എസ് എക്സ് പ്ലസ് ഡീസൽ എ ടി’ എന്ന പേരിൽ ഡീസൽ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഹ്യുണ്ടേയ് ലഭ്യമാക്കുന്നുണ്ട്. ലോകവ്യാപകമായി എഴുപത്തി ഏഴോളം രാജ്യങ്ങളിലേക്കാണ് ഹ്യുണ്ടായ് ഇന്ത്യയിൽ നിർമ്മിച്ച ‘ക്രേറ്റ’ കയറ്റുമതി ചെയ്യുന്നത്.