ഇന്ത്യയിൽ ഏറ്റവും വിജയകരമായ എക്കണോമി കാറാണ് റെനോയുടെ കുഞ്ഞൻ ഹച്ച്‌ബാക്ക് ക്വിഡ്. കുറഞ്ഞ വിലയിൽ മികച്ച സൗകര്യങ്ങളുമായി എത്തിയ ക്വിഡ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഇന്ത്യൻ നിരത്തുകളിലെ സജീവ സാനിധ്യമായി. ഇപ്പോഴിത നിരവധി മാറ്റങ്ങളുമായി ക്വിഡിന്റെ പുതിയ പതിപ്പിനെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് റെനോ. വാഹനം അടുത്ത മാസം വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വാഹനത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. കാഴ്ചയിൽ തന്നെ മാറ്റങ്ങൾ പ്രകടമാണ് പുതിയ ക്വിഡിൽ. പുതിയ ബംബറും സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളുമാണ് ആദ്യം തത്തെ കണ്ണിലെത്തുന്ന മാറ്റങ്ങൾ. ബംബറിലേക്ക് ഇറങ്ങിനിൽക്കുന്ന തരത്തിലാണ് പ്രധാന ഹെഡ്‌ലാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പുകളുടെ ഡിസൈൻ വാഹനത്തിന് ഒരു മസ്‌കുലർ ലുക്ക് തന്നെ നൽകുന്നുണ്ട്.
പിന്നിലേക്ക് വന്നാൽ പുതിയ ടെയിൽ ലാമ്പുകൾ കാണാം. ബോഡിയോഡ് ചേർന്ന് ഒതുങ്ങി നിൽക്കുന്നതാണ് പുതിയ ടെയിൽ ലാമ്പുകൾ. റെനോയുടെ പുത്തൻ എംപിവി ട്രൈബറിനോട് സാമ്യമുള്ളതാണ് പുതിയ ക്വിഡിലെ ഇന്റീരിയർ. എട്ട് ഇഞ്ച് ഇൻഫോടെയിന്മെന്റ് സിസിറ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റൽ ക്ലസ്റ്റർ എന്നിവ ഇന്റീരിയറിലെ പ്രധാന പ്രത്യേകതകളാണ്. നിലവിലെ ക്വിഡിലെ അതേ 800 സിസി എഞ്ചിനുകളുടെ ബിഎസ് 6 പതിപ്പായിരിക്കും പുതിയ ക്വിഡിന് കരുത്ത് പകരുക.