ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകർത്ത ബലാക്കോട്ടിലെ ജെയ്ഷെ ഭീകര കേന്ദ്രം വീണ്ടും സജീവമെന്ന വാർത്ത സ്ഥിരീകരിച്ച് കരസേന മേധാവി ബിപിൻ റാവത്ത്. ബലാക്കോട്ടിലെ ഭീകര കേന്ദ്രത്തിൽനിന്നു പാകിസ്ഥാന്റെ സഹായത്തോടെ 500ഓള, ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ വ്യോമസേന തകർത്ത ജെയ്‌ഷേ കേന്ദ്രം വീണ്ടും പ്രവർത്തനം ആരംഭിച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയ ഇന്ത്യൻ നടപടിയെ തുടർന്നാണ് പാകിസ്ഥാന്റെ സഹായത്തോടെ ജെയ്ഷെ കേന്ദ്രം വീണ്ടും പ്രവർത്തനം ആരംഭിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ.
കശ്മീർ നടപടിയെ തുടർന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകൾക്ക് പാകിസ്ഥാൻ സഹായമെത്തിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27നാണ് പുൽവാമയിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ച് ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിലെ ജെയ്ഷെ ഭീകര കേന്ദ്രം തകർത്തത്.