പിയാജിയോയുടെ പുതുതലമുറ കൊമേഴ്‌സ്യല്‍ വാഹനം പോര്‍ട്ടര്‍ 700 ഇന്ത്യന്‍ വിപണിയില്‍ എത്തി. ഇന്ത്യന്‍ വിപണിയിലെ ഫോര്‍ വീലര്‍ കാര്‍ഗോ സെഗ്മെന്റ് കൈപ്പിടിയിലൊതുക്കാനായുള്ള ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ശ്രമമാണ് പിയാജിയോ പോര്‍ട്ടര്‍ 700. 3.31 ലക്ഷം രൂപയ്ക്കാണ് പിയാജിയോ ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.
വേറിട്ട ഡിസൈന്‍ എന്ന തത്വമാണ് കൊമേഴ്‌സ്യല്‍ വാഹന ശ്രേണിയില്‍ പിയാജിയോ പോര്‍ട്ടര്‍ 700 നെ ശ്രദ്ധേയമാക്കുക. ക്രോസ് ഓവര്‍ വൈപറുകളും ട്വിന്‍ ഹെഡ്‌ലൈറ്റ് സെറ്റപ്പും പിയാജിയോ പോര്‍ട്ടര്‍ 700ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 52 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിനു കരുത്തേകുക. 14.7 bhp കരുത്തും 40 Nm ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിനുള്ളത്.
26 കിലോമീറ്ററാണ് ഈ മോഡലില്‍ പിയാജിയോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1950 mm നീളവും 1400 mm വീതിയും 314 mm ഉയരവുമാണ് പോര്‍ട്ടര്‍ 700 ന്റെ കാര്‍ഗോ ബെയ്ക്കുള്ളത്. 700 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ പോര്‍ട്ടര്‍ 700 ന് സാധിക്കുമെന്ന് കമ്പനി അറിയിച്ചു. 1475 കിലോഗ്രാം ഭാരത്തിലെത്തുന്ന പിയാജിയോ പോര്‍ട്ടര്‍ 700 ല്‍ 12 ഇഞ്ച് വീലുകളാണ് ഇടംപിടിച്ചിരിക്കുന്നത്.