ചില്ലറ വില്‌പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ല

Webdunia
ബുധന്‍, 28 മെയ് 2014 (10:25 IST)
രാജ്യത്തെ ബഹുബ്രാന്‍ഡ് ചില്ലറ വില്‌പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന്  നരേന്ദ്ര മോഡി മന്ത്രി സഭയില്‍ വാണിജ്യ - വ്യവസായ മന്ത്രിയായി ചുമതലയേറ്റ നിര്‍മ്മലാ സീതാരാമന്‍.

ആഗോള കമ്പനികളുടെ വമ്പന്‍ സ്റ്റോറുകള്‍ രാജ്യത്ത് തുറക്കുന്നത് കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെ ജീവിതം തുലാസിലാക്കുമെന്നും ഒരു കാരണവശാലും ബഹുബ്രാന്‍ഡ് ചില്ലറ വില്‌പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.

കയറ്റുമതി മേഖലയെ ഉണര്‍വിലേക്ക് നയിക്കുന്നതിനും വ്യാപാരക്കമ്മി കുറയ്‌ക്കുന്നതിനുമാണ് മന്ത്രിയെന്ന നിലയില്‍  താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് നിര്‍മ്മത സീതാരാമന്‍ പറഞ്ഞു.  വിദേശ നിക്ഷേപം അര്‍ഹിക്കുന്ന മേഖലകളില്‍ അവ അനുവദിക്കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും അത് അത്യാവശ്യമാണ്.

എന്നാല്‍ ബിജെപി തുടക്കം മുതല്‍ സ്വീകരിച്ച നിലപാടാണാണ് ബഹുബ്രാന്‍ഡ് ചില്ലറ വില്‌പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ലെന്നത്. പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ക്ക് അനുസൃതമായ നയങ്ങളാകും മോഡി സര്‍ക്കാര്‍ സ്വീകരിക്കുക.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതിയില്‍ ഇന്ത്യ കനത്ത നഷ്‌ടം രേഖപ്പെടുത്തിയിരുന്നു. 32,500 കോടി ഡോളര്‍ വരുമാനം ലക്ഷ്യമിട്ട സ്ഥാനത്ത്  31,000 കോടി ഡോളര്‍ മാത്രം നേടാനാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്‌ക്ക് കഴിഞ്ഞത്. ഇക്കാലയളവില്‍ ഇറക്കുമതി വര്‍ദ്ധിച്ചതിനാല്‍ വ്യാപാരക്കമ്മി കുതിച്ചുയരുകയും ചെയ്‌തു.