നിരത്തിലെ ചലിക്കുന്ന കൊട്ടാരം; ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ട് - വിലയോ ?

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (10:41 IST)
ബിഎംഡബ്ല്യു 330ഐ ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ട് ഇന്ത്യയില്‍ പുറത്തിറങ്ങി. ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയുടെ സ്‌പോര്‍ടി പതിപ്പായ ഈ പുതിയ മോഡല്‍ എസ്റ്റോറില്‍ ബ്ലൂ , അല്‍പൈല്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് ലഭ്യമാകുക. 49.40 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ടിന്റെ എക്‌സ്‌ഷോറൂം വില.     
 
പുതിയ സൈഡ് സ്‌കേര്‍ട്ടുകളും റിയര്‍ ബമ്പറുകളുമാണ് ഈ പുതിയ മോഡലിന്റെ ഡിസൈന്‍ സവിശേഷത.  പഴയ മോഡലില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന പുതിയ എം ബാഡ്ജിംഗ് നേടിയ ഫ്രണ്ട് ഫെന്‍ഡറും ബ്ലാക് ഫ്രണ്ട് ഗ്രില്ലും പുതിയ മോഡലിന്റെ ഡിസൈനിനെ ശ്രദ്ധേയമാക്കി മാറ്റുന്നു. മാത്രമല്ല 18 ഇഞ്ച് എം സ്‌പോര്‍ട് വീലുകളും ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ടില്‍ നല്‍കിയിട്ടുണ്ട്. 
 
പുതിയ ഹെഡ്‌ലൈനര്‍, എം സ്റ്റീയറിംഗ് വീല്‍, എം ബാഡ്ജ് ഒരുങ്ങിയ ഡോര്‍സില്ലുകള്‍, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ എന്നിങ്ങനെയുള്ള സവിശേഷതകളാണ് വാഹനത്തിന്റെ അകത്തളത്തിലുള്ളത്. ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ മോഡലിന്റെ പവര്‍ ഹൌസ്. 250 ബി‌എച്ച്പി കരുത്തും 350 എന്‍‌എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. സ്റ്റീയറിംഗ് വീല്‍ പാഡില്‍ ഷിഫ്റ്ററുകള്‍ക്ക് ഒപ്പമുള്ള 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പുതിയ മോഡലില്‍ ലഭ്യമാക്കിയിട്ടുള്ളത്
 
15.34 കിലോമീറ്ററാണ് മോഡലില്‍ ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ബ്രേക്ക് അസിസ്‌റ്റോട് കൂടിയുള്ള എബിഎസ്, ആറ് എയര്‍ബാഗുകള്‍, ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, സൈഡ്-ഇംപാക്ട് പ്രൊട്ടക്ഷന്‍, ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍,  ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിംഗ് എന്നിവയാണ് ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ടിൽ ഒരുങ്ങിയിട്ടുള്ള സുരക്ഷാ സജ്ജീകരണങ്ങൾ. കംഫോര്‍ട്ട്, ഇക്കോ, പ്രോ, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നീ ഡ്രൈവിംഗ് മോഡുകളാണ് മോഡലില്‍ ലഭ്യമാകുക.

അനുബന്ധ വാര്‍ത്തകള്‍

Next Article