വിവാദങ്ങൾക്ക് വിട, റോക്സറിനെ വീണ്ടും വിപണിയിലെത്തിച്ച് മഹീന്ദ്ര !

തിങ്കള്‍, 27 ജനുവരി 2020 (17:30 IST)
വിവാദങ്ങൾക്ക് വിട നൽകി രൂപത്തിൽ മാറ്റവുമായി റോക്സറിനെ വീണ്ടും വിപണിയിൽ എത്തിച്ചിരിയ്ക്കുകയാണ് മഹീന്ദ്ര ഓട്ടോമോട്ടീവ് നോർത്ത് അമേരിക്ക. 2018ൽ ആദ്യം വിപണിയിൽ എത്തിയപ്പോൾ വാഹനത്തിന്റെ ഡിസൈൻ സംബന്ധിച്ച് വലിയ വിവാദങ്ങൾ തന്നെ ഉണ്ടായിരുന്നു. ഇതോടെയാണ് രൂപത്തിൽ കാര്യമായ മാറ്റം വരുത്തി വാഹനത്തെ വീണ്ടും മഹീന്ദ്ര വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്.
 
ഇന്ത്യയിൽ തരംഗമായി മാറിയ മഹീന്ദ്ര ഥാറിന്റെ അടിസ്ഥാനത്തിൽ ഒരുക്കിയ വാഹനമാണ് മഹീന്ദ്ര റോക്സർ. അമേരിക്കൻ നിരത്തുകളിൽ ഇറക്കുന്നതിനുള്ള അനുമതി വാഹനത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. വാഹനത്തിന്റെ ഗ്രിൽ ഡിസൈനാണ് ഏറെ വിവാദമായിരുന്നത്. ഇതിൽ മാറ്റം വരുത്തി എഫ് ജെ ക്രൂസറിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ഗ്രില്ലും ഹെഡ് ലാമ്പുകളുമാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. 
 
ഓഫ്റോഡ് ബമ്പറുകളിലും ടയറിലും വരെ മാറ്റം വന്നതോടെ വാഹനത്തിന്റെ ലുക്കിൽ വലിയ മാറ്റം തന്നെ വന്നു. 16 ഇഞ്ച് ടയറുകളാണ് വാഹനത്തിന് നൽകിയിരിയ്ക്കുന്നത്. ഇന്റീരിയർ മുൻ മോഡലുകൾക്ക് സമാനമാണ്. 4X4 ഓഫ്റോഡ് വാഹനമായാണ് വാഹനം വിപണിയിൽ എത്തിയിരിയ്ക്കുന്നത്. റോക്സറിന്റെ രണ്ട് പതിപ്പുകളെയാണ് മഹീന്ദ്ര വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്.
 
3200 ആര്‍പിഎമ്മില്‍ പരമാവധി 62 ബിഎച്ച്പി കരുത്തും 1400-2200 ആര്‍പിഎമ്മില്‍ 195 എന്‍എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിയ്ക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനണ് റോക്സറിന് കരുത്ത് പകരുന്നത്. വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 15,999 ഡോളർ (11.4 ലക്ഷം രൂപ), ഉയർന്ന വകഭേതത്തിന് 16,999 ഡോളറും (12.1 ലക്ഷം രൂപ) ആണ് വില.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍