കേരള ടൂറിസവുമായി സഹകരിക്കാമെന്ന് ടൈഗർ എയർ

Webdunia
വ്യാഴം, 23 ജൂലൈ 2015 (09:21 IST)
സിംഗപ്പൂർ∙ കേരള ടൂറിസത്തിന് കുതിപ്പേകാന്‍ സാധിക്കുന്ന പാക്കേജുമായി പ്രമുഖ വിമാനക്കമ്പനിയായ ടൈഗര്‍ എയര്‍ രംഗത്ത്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമായി കമ്പനി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കു സഞ്ചാരികളെ കൊണ്ടുവരുന്നതിനൊപ്പം കേരളത്തിൽ നിന്നുള്ള സഞ്ചാരികളെ സിംഗപ്പൂരിലേക്ക് ആകർഷിക്കാനുള്ള ചെലവു കുറഞ്ഞ പാക്കേജുകളും ടൈഗർ എയർ അവതരിപ്പിച്ചിട്ടുണ്ട്.

മികച്ച പാക്കേജുകള്‍ ഉണ്ടെങ്കില്‍ കേരളത്തിലേക്ക് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് ടൈഗര്‍ എയര്‍ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ തെഹ് യിക് ചുവാൻ പറഞ്ഞു. ടൈഗർ എയർ സർവീസ് നടത്തുന്ന രാജ്യങ്ങളിൽ നിന്നു വിനോദസഞ്ചാരികളെ കേരളത്തിലേക്ക്  ചുരുങ്ങിയ ചെലവിൽ കൊണ്ടുവരാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ പദ്ധതിരേഖ ടൂറിസം വകുപ്പിന് ഇവര്‍ സമര്‍പ്പിച്ചു കഴിഞ്ഞു.

കൊച്ചി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്നു കുറഞ്ഞ നിരക്കിൽ ടൈഗർ എയർ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽനിന്ന് സിംഗപ്പൂരിലേക്ക് പ്രതിവാരം നാല് സർവീസുകളാണ് ഉള്ളത്.  ചെന്നൈയിൽ നിന്ന് പതിനൊന്നും തിരുച്ചിറപ്പള്ളിയിൽ നിന്ന് പന്ത്രണ്ടും ബെംഗളൂരുവിൽനിന്ന് ഏഴും ഹൈദരാബാദിൽ നിന്ന് ആറും പ്രതിവാര സർവീസുകളുണ്ട്. തിരുച്ചിറപ്പള്ളിയിൽ നിന്നു പുതുതായി ഒരു സർവീസ് കൂടി ആരംഭിക്കും.