യമഹയുടെ പുതിയ ഗീയർരഹിത സ്കൂട്ടര്‍ ‘സൈനസ് റേ സീ ആർ’ വിപണിയില്‍

ശനി, 7 മെയ് 2016 (10:28 IST)
ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ മോട്ടോർ ഇന്ത്യയുടെ പുതിയ ഗീയർരഹിത സ്കൂട്ടറായ ‘സൈനസ് റേ സീ ആർ’ വിപണിയിലെത്തി. യമഹയുടെ സ്വന്തം ആവിഷ്കാരമായ ‘ബ്ലൂ കോർ’ സാങ്കേതികയുടെ പിൻബലമുള്ള 113 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, എസ് ഒ എച്ച് സി, ഇരട്ട വാൽവ് എൻജിനാണു സ്കൂട്ടറിനു കരുത്തേകുന്നത്. കണ്ടിന്വസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ ആണു ഗീയർബോക്സ്.  ഡ്രം ബ്രേക്കുള്ള മോഡലിന് 52,000 രൂപയും ഡിസ്ക് ബ്രേക്കുള്ളതിന് 54,500 രൂപയുമാണു ഡൽഹി ഷോറൂമിലെ വില.
 
ആകർഷക രൂപഭംഗിയും മികച്ച സാങ്കേതികവിദ്യയും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണു ‘സൈനസ് റേ സീ ആറി’വരുന്നത്. ഭാരം കുറഞ്ഞ ബോഡിക്കു പുറമെ സീറ്റിനടിയിൽ 21 ലീറ്റർ സംഭരണ സ്ഥലവും ‘സൈനസ് റേ സീ ആർ’ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷം ‘ഫാസിനൊ’ കൂടിയെത്തിയതോടെ സ്കൂട്ടർ വിഭാഗത്തിൽ മികച്ച മുന്നേറ്റം നേടാൻ യമഹയ്ക്കു കഴിഞ്ഞു. ഈ കുതിപ്പിനു കൂടുതൽ കരുത്തോൻ ‘സൈനസ് റേ സീ ആറി’നു കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
 
ഇന്ത്യയിലെ ഇരുചക്രവാഹന വിൽപ്പനയിൽ സ്കൂട്ടർ വിഭാഗം വൻ മുന്നേറ്റമാണു നടത്തുന്നതെന്നു യമഹ മോട്ടോർ ഇന്ത്യ സെയിൽസ് വൈസ് പ്രസിഡന്റ് റോയ് കുര്യൻ വ്യക്തമാക്കി. മൊത്തം ഇരുചക്രവാഹന വിൽപ്പനയിൽമുപ്പതു ശതമാനവും സ്കൂട്ടറുകളുടെ സംഭാവനയാണ്.ഇതിൽ പത്ത് ശതമാനം വിഹിതമാണു യമഹ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക