സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വന്‍ വര്‍ധന

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (10:02 IST)
ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വന്‍ വര്‍ധന. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 30 ശതമാനം വര്‍ധനയാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ആദ്യ പാദമായ ഏപ്രിൽ - ജൂണിൽ വെളുത്തുള്ളി, കുരുമുളക്, ചെറിയ ഏലം, ഉലുവ, ജാതിക്ക, ചതക്കുപ്പ, സുഗന്ധ എണ്ണ, ഒലിയോ റെസിൻ എന്നിവ മികച്ച തോതിൽ കയറ്റുമതി ചെയ്‌തുവെന്ന് സ്‌പൈസസ് ബോർഡ് വ്യക്തമാക്കി.

നടപ്പ് സാമ്പ്ത്തിക വര്‍ഷത്തില്‍ ഇതുവരെ കയറ്റുമതി 3,976.65 കോടി രൂപയിലെത്തി. മുൻ വർഷത്തെ സമാന പാദത്തിൽ ഇത് 3,059.74 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വർഷം മൊത്തം 14,014 കോടി രൂപയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.

ഇക്കാലയളവിൽ മൊത്തം 2.15 ലക്ഷം ടൺ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്‌തത്. 2014-15ലെ ആദ്യ പാദത്തിൽ ഇത് 2.13 ലക്ഷം ടൺ ആയിരുന്നു. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്ക് ആഗോള തലത്തിൽ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുടെ വിജയമാണ് കയറ്റുമതി വർദ്ധന ചൂണ്ടിക്കാട്ടുന്നതെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. ജയതിലക് പറഞ്ഞു.