ഭാവിയില്‍ ആദായ നികുതിയില്‍ കൂടുതല്‍ ഇളവുണ്ടാകും: ജെയ്റ്റ്‌ലി

Webdunia
ശനി, 19 ജൂലൈ 2014 (11:16 IST)
ഭാവിയില്‍ ആദായ നികുതിയില്‍ കൂടുതല്‍ ഇളവുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസ്താവന.ആദായ നികുതിയില്‍ അരലക്ഷം രൂപയുടെ ഇളവ് നല്‍കിയത് ഒരു തുടക്കമാണെന്നും സമ്പദ് വ്യവസ്ഥ കരകയറുന്നതനുസരിച്ച് കൂടുതല്‍ ആനുകൂല്യം പ്രതീക്ഷിക്കാമെന്നും ധനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

സമ്പാദ്യനിരക്കില്‍ മൂന്ന് ശതമാനം കുറവ് രേഖപ്പെടുത്തിയതാണ് ആദായ നികുതിയില്‍ ഇളവനുവദിക്കാന്‍ കാരണം. ഇതടക്കം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ സമ്പാദ്യനിരക്കുയര്‍ത്തുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസംസ്‌കരണ മേഖലയ്ക്ക് പ്രത്യേക നിധിയായി 2000 കോടി രൂപ നബാര്‍ഡിന് വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.   സബ്‌സിഡികളുടെ ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റുന്നതാണ് ഇന്നത്തെ പ്രതിസന്ധി. ഇത് പരിഹരിക്കാതെ മുന്നോട്ട് പോകാനാവില്ല എന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ് രംഗം വളര്‍ച്ചയുടെ പാതയിലാണെന്നും മൊത്ത ആഭ്യന്തര ഉത്പാദനം 4.7 ശതമാനത്തില്‍ നിന്ന് നടപ്പുവര്‍ഷം 5.4 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ജെയ്റ്റ്‌ലി വ്യക്തമാക്കി. പ്രതിരോധരംഗത്തും ഇന്‍ഷുറന്‍സ് മേഖലയിലും 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ധനമന്ത്രി ന്യായീകരിച്ചു