ബ്രെസയെ പൂട്ടാന്‍ ഹോണ്ട; സബ് കോംപാക്റ്റ് എസ് യു വി ‘ഡബ്ല്യുആർ-വി’ വിപണിയില്‍

Webdunia
വെള്ളി, 17 മാര്‍ച്ച് 2017 (11:45 IST)
ഹോണ്ടയുടെ പുതിയ സബ് കോംപാക്റ്റ് എസ് യു വി ‘ഡബ്ല്യുആർ-വി’ ഇന്ത്യൻ വിപണിയിലെത്തി. വിൻസം റൺ എബോട്ട് വെഹിക്കിൽ എന്നതിന്റെ ചുരുക്കിയെഴുത്തായി എത്തുന്ന ഡബ്ല്യുആർ-വി പെട്രോൾ വേരിയന്റിന് 7.75 ലക്ഷം മുതൽ 8.99 ലക്ഷം വരെയും ഡീസൽ വേരിയന്റിന് 8.99 ലക്ഷം മുതൽ ‌9.99 ലക്ഷം വരെയുമാണ് ഡൽഹി എക്സ് ഷോറൂം വില.     
 
ഹോണ്ടയുടെ ചെറു ഹാച്ചായ ജാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഡിസൈനിലാണ് ഡബ്ല്യുആർ-വി എത്തിയിട്ടുള്ളത്. അബർബൻ സ്റ്റൈൽ ഡിസൈനില്‍ എത്തുന്ന ഈ സബ് കോംപാക്റ്റ് എസ് യു വിയില്‍ യുവാക്കളെ ആകർഷിക്കാൻ ആവശ്യമായ എല്ലാ ചേരുവകളുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ സിറ്റിയ്ക്ക് ശേഷം ഹോണ്ടയിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനമാണ് ഡബ്ല്യുആർ-വി.
 
സ്പോർട്ടി ഹെഡ്‌ലാമ്പ്, മസ്കുലർ ബോഡി, ക്രോം ഇൻസേർട്ടോടു കൂടിയ വലിയ ഗ്രില്ലുകൾ എന്നിങ്ങനെയുള്ള സവിശേഷതകള്‍ വാഹനത്തിലുണ്ട്. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങ്, ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, സ്റ്റൈലിഷ് ബംബര്‍, ‘എൽ’ ആകൃതിയിലുള്ള ടെയിൽ ലാമ്പ്, വശങ്ങളില്‍ ജാസിനോട് സാമ്യം തോന്നുന്ന ഡിസൈന്‍ എന്നിവയും വാഹനത്തെ മികച്ചതാക്കുന്നു. 
 
1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എൻജിനുകളോടെയാണ് വാഹനം എത്തിയിട്ടുള്ളത്. പെട്രോൾ എന്‍‌ജിന്‍ 90 ബിഎച്ച്പി കരുത്തും ഡീസൽ എൻജിന് 100 ബിഎച്ച്പി കരുത്തുമാണ് സൃഷ്ടിക്കുക. പെട്രോൾ മോഡല്‍ ലീറ്ററിന് 17.5 കിലോമീറ്ററും ‍ഡീസൽ മോഡലിന് 25.5 കിലോമീറ്ററും ഇന്ധനക്ഷമത ലഭ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Next Article