അമ്പരിപ്പിക്കുന്ന വിലയില്‍ ഹീറോയുടെ തകര്‍പ്പന്‍ സ്കൂട്ടർ - 'ഫ്ലാഷ്'!

Webdunia
വെള്ളി, 3 ഫെബ്രുവരി 2017 (14:10 IST)
ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഹീറോ, ഇലക്ട്രിക് ഫ്ലാഷ് എന്ന പേരിൽ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടറിനെ വിപണിയിലെത്തിച്ചു. ആറു മുതല്‍ എട്ടു മണിക്കൂർ നീളുന്ന ഒറ്റത്തവണത്തെ ചാർജിംഗിനുശേഷം 65കിലോമീറ്ററോളം ഓടിക്കാനുള്ള ശേഷി ഈ സ്കൂട്ടറുകൾക്ക് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 19,990രൂപയാണ് ഡല്‍ഹി ഷോറൂമില്‍ ഈ സ്കൂട്ടറിന്റെ വില. 
 
250 വാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ സ്കൂട്ടറിനു കരുത്തേകുന്നത്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയാണ് ഫ്ലാഷിനുള്ളതെന്ന് കമ്പനി അറിയിച്ചു. 16 ഇഞ്ച് അലോയ് വീലുകളും ടെലിസ്കോപിക് ഫോർക്കുകളും ഈ സ്കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. ഡ്രം ബ്രേക്കുകള്‍, സീറ്റിനടിയിലായി സ്റ്റോറേജ് സ്പേസ്, സീറ്റിന്റെ പിറകിലായി വേറിട്ടൊരു സ്റ്റോറേജ് ക്യാബിൻ എന്നിവയും സ്കൂട്ടറിലുണ്ട്. 
 
രണ്ട് വര്‍ഷത്തെ വാരണ്ടിയാണ് ഈ സ്കൂട്ടറിന് കമ്പനി അനുവദിച്ചിട്ടുള്ളത്. കൂടാതെ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഷോർട്ട് സർക്യൂട്ട് പ്രോട്ടക്ടറും ഈ സ്കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബർഗണ്ടി, സിൽവർ എന്നീ രണ്ട് നിറങ്ങളിലാണ് ഈ സ്കൂട്ടര്‍ വിപണിയിലെത്തിയിട്ടുള്ളത്.
Next Article