ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ചീഫ് സെക്രട്ടറി

Webdunia
വെള്ളി, 3 ഫെബ്രുവരി 2017 (13:10 IST)
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ നീക്കണമെന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്. ജേക്കബ് തോമസിനെതിരെ ഉന്നതതല അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 
 
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ എടുത്ത ചില നടപടികള്‍ സര്‍ക്കാരിന് 15 കോടി രൂപ നഷ്ടം വരുത്തിയെന്ന റിപ്പോര്‍ട്ടനുസരിച്ചാണ് ചീഫ് സെക്രട്ടറിയുടെ നടപടി.
 
ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അഭിപ്രായം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ധനവകുപ്പ് സെക്രട്ടറി കെ എ എബ്രഹാമാണ് ജേക്കബ് തോമസിനെതിരെ റിപ്പോര്‍ട്ടു നല്‍കിയത്. 
 
ജേക്കബ് തോമസിനെതിരായ ഉന്നതതല അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നതാണ് ഉചിതമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ചട്ടങ്ങള്‍ മറികടന്ന് സ്വകാര്യകമ്പനിക്ക് ടെന്‍ഡര്‍ നല്‍കുകയായിരുന്നു എന്നാണ് കെ എ ഏബ്രഹാമിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Next Article