ഇന്ത്യന്‍ വിപണിയിലെ കോംപാക്റ്റ് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെ എത്തുന്നു. ബീറ്റ് ഹാച്ചബാക്കിനെ അടിസ്ഥാനമാക്കി നിര്‍മ്മാണം നടത്തി ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച കൺസ്പെറ്റിന്റെ പ്രോഡക്ഷൻ മോഡല്‍ ‘എസൻഷ്യ’യുമായി അടുത്ത വർഷം മാർച്ചിൽ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. 4.5-7.5 ലക്ഷം വരെയായിരിക്കും ഈ സെഡാന്റെ വിപണി വില.
ബീറ്റ് ഹാച്ച്ബാക്കിന്റെ അതെ പ്ലാറ്റ്ഫോമിലാണ് എസന്‍ഷ്യയും ഡിസൈൻ ചെയ്തിരിക്കുന്നത്. ഡീസൽ, പെട്രോൾ എന്നീ രണ്ട് വകഭേദങ്ങളിലും ഈ വാഹനം ഇന്ത്യന്‍ വിപണിയിലുണ്ടാകും. ബീറ്റിന് കരുത്തേകുന്ന 1.0ലിറ്റർ 3 സിലിണ്ടർ ഡീസൽ എൻജിനും 1.3 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനുമാണ് ഈ സെഡാനിലും ഉപയോഗിച്ചിട്ടുള്ളത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടൊപ്പം എഎംടി കൂടി വാഹനത്തിലുണ്ടായേക്കും.
ബീറ്റിലേതിനു സമാനമായ ഇന്റീരിയറാണ് എസന്‍ഷ്യയിലും ഉണ്ടായിരിക്കുക. മോട്ടോർസൈക്കിളിൽ നിന്നും പ്രചോദനം കൊണ്ട ഇൻസ്ട്രുമെന്റ് ക്ലസ്റ്റര്‍, മൈലിങ്ക് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇബിഡി, ഡ്യുവൽ എയർബാഗ്, എബിഎസ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ കോപാക്റ്റ് സെഡാനില്‍ ഉണ്ടായിരിക്കുമെന്നാണ് വിവരം.
ഹ്യുണ്ടായ് എക്സെന്റ്, സ്വിഫ്റ്റ് ഡിസയർ, ഫോഡ് ആസ്പെയർ, ഹോണ്ട അമേസ്, ഫോക്സ്‌വാഗൺ അമിയോ, ഇനി പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ കൈറ്റ് 5 എന്നിവയായിരിക്കും എസന്‍ഷ്യയുടെ പ്രധാന എതിരാളികള്‍. കോംപാക്ട് സെഡാൻ സെഗ്മെന്റിലുള്ള മറ്റു വാഹനങ്ങളെ അപേക്ഷിച്ച് എസൻഷ്യയ്ക്ക് വലുപ്പവും വിലയും കുറവാണെന്നതിനാല്‍ മെച്ചപ്പെട്ട വില്പന കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.